ad
Deshabhimani

ചർച്ചകൾ ഫലം കണ്ടില്ല; അജിത് പവാറും ശരത് പവാറും രണ്ട് തട്ടിൽ

Pune.jpg
വെബ് ഡെസ്ക്

Published on Dec 27, 2025, 09:18 AM | 1 min read

മുംബൈ: വരാനിരിക്കുന്ന പൂനെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പവാർ കുടുംബം ഒന്നിച്ചു മത്സരിക്കാനുളള നീക്കം പാളി. അജിത് പവാറും അമ്മാവൻ ശരദ് പവാറും തമ്മിൽ വെള്ളിയാഴ്ച നടത്തിയ നിർണ്ണായക ചർച്ചകൾ പരാജയപ്പെട്ടു.


ഇതോടെ ശരദ് പവാർ വിഭാഗം ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോവുകയും മഹാവികാസ് അഘാഡി സഖ്യവുമായി പുതിയ ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. അജിത് പവാർ മുന്നോട്ടുവെച്ച ഉപാധികളാണ് ശരദ് പവാർ വിഭാഗത്തെ ചൊടിപ്പിച്ചത്.


ആകെ സീറ്റുകളിൽ 35 എണ്ണം മാത്രമാണ് ശരദ് പവാർ വിഭാഗത്തിന് അജിത് പവാർ വാഗ്ദാനം ചെയ്തത്. കൂടാതെ, ശരദ് പവാറിന്റെ സ്ഥാനാർത്ഥികൾ അജിത് പവാറിന്റെ ഔദ്യോഗിക ചിഹ്നമായ 'ക്ലോക്ക്' ഉപയോഗിച്ച് മത്സരിക്കണമെന്ന നിബന്ധനയും അദ്ദേഹം മുന്നോട്ടുവെച്ചു.


ഈ നിർദ്ദേശങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് ശരദ് പവാർ പക്ഷം മടങ്ങിയത്. മഹാവികാസ് അഘാഡിയിൽ സജീവം ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ശരദ് പവാർ പക്ഷം കോൺഗ്രസ്, ഉദ്ധവ് താക്കറെയുടെ ശിവസേന എന്നിവരുമായി സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കി.


ഉദ്ധവ് താക്കറെയും രാജ് താക്കറെയും ബിഎംസി തെരഞ്ഞെടുപ്പിനായി കൈകോർത്തതിന് പിന്നാലെയാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഈ പുതിയ സംഭവവികാസങ്ങൾ. അതേസമയം, ബിജെപിയും ഏക്നാഥ് ഷിൻഡെയുടെ ശിവസേനയും ഉൾപ്പെടുന്ന ഭരണകക്ഷിയായ മഹായുതി സഖ്യത്തിലും ചില സീറ്റുകളെ ചൊല്ലി അനിശ്ചിതത്വം തുടരുകയാണ്.


ജനുവരി 15-നാണ് നിർണ്ണായകമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. പവാർ വിഭാഗങ്ങൾ ഒന്നിച്ചുനിൽക്കുന്നത് മഹായുതി സഖ്യത്തിന് ഭീഷണിയാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ പൂനെയിൽ പവാർ കുടുംബങ്ങൾ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് വഴി തെളിയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home