ഉത്തരേന്ത്യയിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണം; അടിയന്തരമായി സഹായം എത്തിക്കണം: സിപിഐ എം

flood cpim
avatar
പ്രത്യേക ലേഖകൻ

Published on Sep 06, 2025, 03:39 PM | 1 min read

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസം എത്തിക്കണമെന്നും സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. പഞ്ചാബ്‌, ഹിമാചൽപ്രദേശ്‌, ഉത്തരാഖണ്ഡ്‌, ഹരിയാന, ജമ്മു–കശ്‌മീർ, ഹിമാചൽപ്രദേശ്‌, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ പേമാരിയും പ്രളയവും മണ്ണിടിച്ചിലും ആശങ്കജനകമായി തുടരുകയാണ്‌. അഭൂതപൂർവമായ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിയോഗത്തിൽ സിപിഐ എം അനുശോചിച്ചു.

പഞ്ചാബിലാണ്‌ ഏറ്റവും മോശം സ്ഥിതി; 23 ജില്ല പ്രളയബാധിതമാണ്‌. 1655 ഗ്രാമത്തിലായി മൂന്ന്‌ ലക്ഷം ഏക്കറിൽ വിളകൾ നശിച്ചു. മുങ്ങുകയോ ഭാഗികമായി വെള്ളം കയറുകയോ ചെയ്‌ത പ്രദേശങ്ങളിൽ നാലു ലക്ഷത്തോളം പേർ ദുരിതബാധിതരാണ്‌. കനത്ത മഴ തുടരുകയും അണകൾ തുറന്നുവിട്ടതോടെ രവി, ബിയാസ്‌, സത്‌ലജ്‌, ഛഗ്ഗർ നദികൾ കര കവിയുകയും ചെയ്‌തയോടെ പഞ്ചാബിലും ഹരിയാനയിലും വ്യാപക നാശനഷ്ടം നേരിടുന്നു.

ഹരിയാനയിൽ 12 ജില്ലയിൽ 1,402 ഗ്രാമത്തിലായി 2.5 ലക്ഷം ഏക്കർ കൃഷി വെള്ളത്തിൽ മുങ്ങി. ജമ്മു–കശ്‌മീരിൽ ആയിരക്കണക്കിന്‌ ഏക്കർ നെൽകൃഷി ഒലിച്ചുപോയി. 170 പേർ മരിച്ചു. ഡൽഹിയിലും രാജസ്ഥാനിലും പല ഭാഗങ്ങളിലും പ്രളയസ്ഥിതി രൂക്ഷമാണ്‌. 320ൽപരം പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്‌ത ഹിചചൽപ്രദേശിലും സ്ഥിതി ദയനീയമാണ്‌. റോഡുകൾ, പാലങ്ങൾ, വീട്‌, ഭൂമി, കന്നുകാലികൾ, വിളകൾ എന്നിവ വൻതോതിൽ നശിച്ചു. ഷിംലയിലും കുള്ളുവിലും ആപ്പിൾതോട്ടങ്ങൾ നാമാവശേഷമായി. 25,000ഓളം ഏക്കറിലെ ഫലവൃക്ഷതോട്ടങ്ങൾ നശിച്ചു. മേഘവിസ്‌ഫോടനവും ഉരുൾപൊട്ടലും ആവർത്തിച്ച ഉത്തരാഖണ്ഡിലും സ്ഥിതി വഷളായി തുടരുന്നു.

ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ നിഷ്‌ക്രിയത്വം പാലിക്കുകയാണ്‌. ദുരിതാശ്വാസം എത്തിക്കാൻ എല്ലായിടത്തും സിപിഐ എം പ്രവർത്തകർ സജീവമാണ്‌. അതത്‌ സംസ്ഥാനങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ആവശ്യമായ ഫണ്ട്‌ ശേഖരിക്കാനും പാർടി പ്രവർത്തകരോട്‌ പൊളിറ്റ്‌ബ്യൂ‍റോ ആഹ്വാനം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Home