ad
Deshabhimani

പ്രതിഷേധം മഹാനഗരങ്ങളിലേക്ക് പടരുന്നു, മുംബൈയ്ക്ക് പിന്നാലെ ചെന്നൈയിലും വിദ്യാര്‍ഥികളും യുവജനങ്ങളും തെരുവിൽ

CHENNAI NEET
വെബ് ഡെസ്ക്

Published on Jul 24, 2026, 11:24 AM | 2 min read

ചെന്നൈ: വിദ്യാര്‍ഥി പ്രക്ഷോഭം കൂടുതൽ മഹാനഗരങ്ങളിലേക്ക് പടരുന്നു. മുംബൈയ്ക്ക് പുറമെ ചെന്നൈയിലും വിദ്യാര്‍ഥികളും യുവജനങ്ങളും സംഘടിച്ചുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്. നീറ്റ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചകളിലും ക്രമക്കേടുകളിലും പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ വിദ്യാർത്ഥി-യുവജന സംഘടനകൾ നടത്തുന്ന സമരം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. വീഴ്ചകളുടെ ഉത്തരവാദിത്തമേറ്റ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും നീറ്റ് പരീക്ഷാരീതി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് നഗരത്തിന്റെ വിവിധ കോണുകളിൽ പ്രതിഷേധകര്‍ സംഘടിച്ചു.


എഗ്‌മോറിലെ രാജരത്തിനം സ്റ്റേഡിയം, റോയപേട്ട എന്നിവിടങ്ങളിൽ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ ധർണ്ണകൾ നടന്നു. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ഉപരോധ സമരത്തിന് പിന്തുണയുമായി ചലച്ചിത്ര പ്രവർത്തകരും പ്രൊഫഷണലുകളും കോളേജ് വിദ്യാർത്ഥികളുമടക്കം അഞ്ഞൂറിലധികം പേർ നിലവിൽ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇവിടെ അനിശ്ചിതകാല രാപ്പകൽ ഉപരോധ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.


ഗിണ്ടിയിലെ രാജ് ഭവനിലേക്ക് വിദ്യാർത്ഥികൾ നടത്താനിരുന്ന മാർച്ച് പൊലീസ് ഇടപെട്ട് വഴിമധ്യേ തടഞ്ഞു. നാടകങ്ങളും വിപ്ലവ ഗാനങ്ങളും അവതരിപ്പിച്ചാണ് വിദ്യാർത്ഥികൾ വേറിട്ട രീതിയിൽ പ്രതിഷേധിക്കുന്നത്. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കുകയും അർഹരായ വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുകയും ചെയ്യുന്നതുവരെ സമരം തുടരാനാണ് സംഘടനകളുടെ തീരുമാനം. ഓരോ ദിവസവും പ്രതിഷേധത്തിന് എത്തിച്ചേരുന്നവരുടെ എണ്ണം കൂടുകയാണ്. ചലച്ചിത്ര പ്രവർത്തകർ, പ്രൊഫഷണലുകൾ, കോളേജ് വിദ്യാർത്ഥികൾ, സാധാരണ പൗരൻമാര്‍, തൊഴിലാളികൾ, എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവര്‍ സമരത്തിലേക്ക് എത്തുന്നു.


സിനിമാ മേഖലയിലെ പ്രമുഖ സംവിധായകരായ വെട്രിമാരൻ, പാ. രഞ്ജിത് തുടങ്ങിയവർ പ്രതിഷേധ സ്ഥലങ്ങളിലെത്തി വിദ്യാർത്ഥികൾക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അനുവദിച്ച സ്ഥലത്തിന് പുറത്തേക്ക് മാർച്ച് നടത്താൻ ശ്രമിച്ചതിനെ തുടർന്ന് നൂറിലധികം വിദ്യാർത്ഥികളെ പൊലീസ് തടയുകയും കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയക്കുകയും ചെയ്തു.


തമിഴ്‌നാട്ടിലേത് പോലെ തന്നെ മഹാരാഷ്ട്രയിലും വിദ്യാർത്ഥികളും യുവജന പ്രസ്ഥാനങ്ങളും വൻതോതിൽ തെരുവിലിലാണ്. 'മുംബൈ എഗെയ്ൻസ്റ്റ് സപ്രഷൻ ഓഫ് സ്റ്റുഡന്റ്സ്', ഛാത്ര ഭാരതി, എസ്.എഫ്.ഐ (SFI), എ.ഐ.എസ്.എഫ് തുടങ്ങി വിവിധ വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ഇവിടെ പ്രതിഷേധങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ദാദറിലെ ചരിത്രപ്രസിദ്ധമായ ശിവാജി പാർക്കിലും പരിസരത്തും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്.


ഇവിടെ നിന്ന് ചൈത്യഭൂമിയിലേക്ക് വിദ്യാർത്ഥികൾ മാർച്ച് നടത്തുകയും ചെയ്തു. ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനത്തിലും പത്രകാർ ഭവന് മുന്നിലും വലിയ രീതിയിലുള്ള ധർണ്ണകളും പ്രകടനങ്ങളും നടന്നു. ചെമ്പൂരിലെ ഡോ. ബാബാസാഹബ് അംബേദ്കർ ഉദ്യാൻ ചൗക്കിലും നൂറുകണക്കിന് വിദ്യാർത്ഥികളും യുവജനങ്ങളും പ്ലക്കാർഡുകളുമേന്തി പ്രതിഷേധിച്ചു. 'സിനിമ വിത്ത് പീപ്പിൾ' തുടങ്ങിയ കൂട്ടായ്മകളിലൂടെ പ്രാദേശിക കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും തെരുവ് നാടകങ്ങളും പ്രതിഷേധ പാട്ടുകളുമായി വിദ്യാർത്ഥികൾക്കൊപ്പം അണിനിരന്നു.


നിരോധനാജ്ഞ ലംഘിച്ചു എന്ന് ആരോപിച്ച് മുംബൈ പൊലീസ് സമരക്കാർക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചത്.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിദ്യാർത്ഥികളെയും യുവജന നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും വാനുകളിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു.


തെലുങ്കാനയിലും നീറ്റ് അട്ടിമറികൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ വൻ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. വെള്ളിയാഴ്ച ഇടത് പാർട്ടികളുടെ പിന്തുണയുള്ള വിദ്യാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് സംസ്ഥാനത്ത് പൂർണ്ണമായി തുടരുന്നു. എസ്എഫ്ഐ, എഐഎസ്എഫ്, പിഡിഎസ്യു തുടങ്ങിയ സംഘടനകൾ പ്ലസ് വൺ മുതൽ സർവ്വകലാശാലാ തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബന്ദിന് നേതൃത്വം നൽകുന്നു. വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ഹൈദരാബാദിലെ നാരായണഗുഡയിൽ നിന്ന് ഹിമായത് നഗറിലേക്ക് കൂറ്റൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക, അഴിമതിക്ക് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുക, പരീക്ഷാ ഏജൻസിയായ എൻടിഎ റദ്ദാക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home