ad
Deshabhimani

print edition തൊഴിലുറപ്പ് അട്ടിമറി ; മോദിസർക്കാരിനെതിരെ 
രാജ്യവ്യാപക പ്രതിഷേധം

protest

ദേശീയ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ ഇടതുപക്ഷ പാർടികൾ പട്‌നയിൽ പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Dec 23, 2025, 03:15 AM | 2 min read


ന്യൂഡൽഹി

​ഗ്രാമീണ ഇന്ത്യയുടെ താങ്ങും തണലുമായിരുന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച മോദിസർക്കാരിന്‌ എതിരെ വിവിധ സംസ്ഥാനങ്ങളിൽ ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭം അരങ്ങേറി. ആന്ധ്രാപ്രദേശ്‌, തെലങ്കാന, കർണാടകം, ഒഡിഷ, ബിഹാർ, കേരളം, ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽ ഇടതുപക്ഷപാർടികൾ ‘വിബി–ജിആർഎഎം–ജി’ നിയമത്തിന്‌ എതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഇടതുപക്ഷം ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. എല്ലാ ജില്ലാ, മണ്ഡല കേന്ദ്രങ്ങളിലും നടന്ന പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. തൊഴിലുറപ്പ്‌ നിയമത്തെ അട്ടിമറിക്കാൻ കൊണ്ടുവന്ന പുതിയ നിയമം കേന്ദ്രസർക്കാർ ഉടൻ റദ്ദാക്കണമെന്നും പദ്ധതിയുടെ പേരിൽ നിന്നും മഹാത്മാഗാന്ധിയെ ഒഴിവാക്കിയ നടപടി തിരുത്തണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു.


മഹാത്മാഗാന്ധിക്കെതിരെ ബിജെപിയും ആർഎസ്‌എസും വിദ്വേഷപ്രചാരണങ്ങൾ അഴിച്ചുവിടുന്പോൾ എൻഡിഎ ഘടകകക്ഷി നേതാക്കളായ ചന്ദ്രബാബുനായിഡു, ജഗൻമോഹൻ റെഡ്ഡി, പവൻ കല്യാൺ തുടങ്ങിയവർ നട്ടെല്ലില്ലാത്ത പാവകളെ പോലെ മ‍ൗനാനുവാദം നൽകുകയാണെന്ന്‌ ഇടതുപക്ഷ പാർടികളുടെ നേതാക്കൾ പറഞ്ഞു. കർണാടകത്തിൽ കേന്ദ്ര ഭക്ഷ്യ, ഉപഭോക്‌തൃകാര്യ മന്ത്രി പ്രഹ്ലാദ്‌ ജോഷിയുടെ വസതിക്ക്‌ മുന്നിൽ പ്രതിഷേധക്കാർ വിവാദനിയമത്തിന്റെ പകർപ്പ് കത്തിച്ച്‌ പ്രതിഷേധിച്ചു.


തൊഴിലുറപ്പ്‌ പദ്ധതിയുടെ മുഖ്യ ഗുണഭോക്താക്കളായ ഗ്രാമങ്ങളിൽ നിന്നുള്ള സ്‌ത്രീകളാണ്‌ പ്രതിഷേധത്തിന്‌ നേതൃത്വം നൽകിയത്‌. ബിഹാറിലെ പട്‌നയിൽ ഇടതുപക്ഷ പാർടികൾ സംഘടിപ്പിച്ച പ്രതിഷേധത്തിലും മോദിസർക്കാരിന്‌ എതിരെ പ്രതിഷേധം അലയടിച്ചു. തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഉറപ്പുനൽകിയിരുന്ന അവകാശം എടുത്തുകളയാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌ പുതിയ നിയമമെന്ന്‌ പ്രതിഷേധത്തിൽ പങ്കെടുത്ത തൊഴിലാളികൾ പറഞ്ഞു. ഡൽഹി എൻസിആർ മേഖലയിലും വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു. രാജസ്ഥാനിൽ സിക്കർ, ദുംഗർപുർ, ദേദ് വാന എന്നിവിടങ്ങളിൽ നിയമത്തിന്റെ പകർപ്പ് കത്തിച്ച്‌ പ്രതിഷേധിച്ചു. തൊഴിലുറപ്പ്‌ നിയമം അട്ടിമറിക്കാനുള്ള ബില്ലിനെതിരെ പാർലമെന്റിന്‌ അകത്തും പുറത്തും ഇടതുപക്ഷം ശക്തമായി പ്രതിഷേധിച്ചിരുന്നു. തൊഴിലുറപ്പ്‌ നിയമം അട്ടിമറിച്ച മോദിയുടെ നീക്കത്തിനെതിരെ ഒറ്റക്കെട്ടായുള്ള പോരാട്ടം തുടരാനാണ് തീരുമാനം.


കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾ ; ജനുവരി 16ന്‌ അഖിലേന്ത്യാ പ്രതിരോധദിനം

കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ്‌, സ്വേച്ഛാധിപത്യ, ഫെഡറൽ വിരുദ്ധ നയത്തിനെതിരെ ജനുവരി 16ന്‌ അഖിലേന്ത്യാ പ്രതിരോധ ദിനം ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം). ഇ‍ൗ ദിവസം ഗ്രാമങ്ങളിൽ പൊതുയോഗം സംഘടിപ്പിച്ച് വിജയം വരെ പോരാടുമെന്ന പ്രതിജ്ഞയെടുക്കുമെന്നും എസ്‌കെഎം നേതാക്കൾ ഓൺലൈൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിത്തുബിൽ, വൈദ്യുതി ബിൽ, തൊഴിലുറപ്പ്‌ അട്ടിമറി നിയമം, നാല്‌ തൊഴിൽ കോഡ്‌ എന്നിവ പിൻവലിക്കുന്നതുവരെയും സ്വാമിനാഥ കമീഷൻ നിർദേശം നടപ്പാക്കുന്നതുവരെയും പോരാട്ടം തുടരും.


കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനുവരി ഒൻപത്‌ മുതൽ 15 വരെ ഗ്രാമങ്ങളിൽ പദയാത്ര, സൈക്കിൾ റാലി തുടങ്ങിയ പ്രതിഷേധങ്ങളും സംഘടിപ്പിക്കും. തൊഴിൽ കോഡിനെതിരെ തൊഴിലാളി യൂണിയനുകൾ സംഘടിപ്പിക്കുന്ന ദേശീയ പൊതുപണിമുടക്കിന്‌ നിരുപാധിക പിന്തുണ നൽകും. തൊഴിലുറപ്പ് അട്ടിമറിക്കെതിരെ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിനും പിന്തുണ നൽകും. ജനുവരി 11ന്‌ സംയുക്ത കിസാൻ മോർച്ചയുടെ ദേശീയ ക‍ൗൺസിൽ യോഗം ചേരും. ഇ‍ൗ യോഗത്തിൽ പ്രതിഷേധങ്ങളെ സംബന്ധിച്ച കൂടുതൽ തീരുമാനമെടുക്കുമെന്നും എസ്‌കെഎം നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എസ്‌കെഎം നേതാക്കളായ പി കൃഷ്ണപ്രസാദ്‌, ജോഗീന്ദർ ഉഗ്രഹാൻ, ഡോ. സുനിലം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home