ആരോപണവിധേയന് സംരക്ഷണകവചം; കോൺഗ്രസ് നേതൃത്വവും പ്രതിക്കൂട്ടിൽ

പ്രത്യേക ലേഖകൻ
Published on Aug 21, 2025, 12:43 PM | 1 min read
ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ആരോപണവിധേയനായി നിൽക്കുന്ന വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന–ദേശീയ നേതൃത്വങ്ങളും പ്രതിക്കൂട്ടിൽ. രാഹുലിനെതിരെ ഒട്ടേറെ പരാതികൾ ഹൈക്കമാൻഡിനും സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനും മാസങ്ങൾക്കുമുമ്പേ ലഭിച്ചിരുന്നു. ഗുരുതര സ്വഭാവമുള്ള പരാതികൾ ലഭിച്ചിട്ടും അതെല്ലാം മൂടിവയ്‌ക്കാനും ആരോപണവിധേയനെ സംരക്ഷിക്കാനുമാണ് മുതിർന്ന നേതാക്കൾ ശ്രമിച്ചതെന്ന് വെളിപ്പെടുകയാണ്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിക്ക് അഞ്ച് മാസം മുമ്പേ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. മുൻ മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ് പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് പരാതിപ്പെട്ടിരുന്നു. നടപടി ഒന്നുമുണ്ടായില്ല. പരാതിക്കാരി മകളെ പോലെയെന്നും ഒരു അച്ഛൻ ചെയ്യേണ്ടതെല്ലാം ചെയ്‌തിട്ടുണ്ടെന്നും കൂടി സതീശൻ പറഞ്ഞു. അതേസമയം കോൺഗ്രസിന് മുന്നിൽ പരാതി എത്തിയിട്ടില്ലത്രെ. കോൺഗ്രസിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാവിന്റെ വാദം ഇത്രയും ബാലിശമാണ്. വിഗ്രഹങ്ങൾ ഉടഞ്ഞുവെന്നാണ് രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയിൽ അടക്കം പങ്കെടുത്ത റിനി പ്രതികരിച്ചത്.
പ്രിയങ്ക ഗാന്ധിയെയും മറ്റും വിവരങ്ങൾ ധരിപ്പിച്ചിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എന്നാൽ ആരോപണവിധേയന് സംരക്ഷണകവചം ഒരുക്കുകയാണ് ചെയ്‌തത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഇപ്പോൾ രംഗത്തുവന്ന സാഹചര്യത്തിൽ ഒട്ടേറെ ചോദ്യങ്ങൾക്ക് കോൺഗ്രസ് നേതൃത്വം മറുപടി പറയേണ്ടിവരും.









0 comments