ad
Deshabhimani

ലോക്കപ്പ് ആത്മഹത്യകൾക്ക് പൂട്ടിടാൻ മുംബൈ പൊലീസ്; ഇനി പ്രതികൾക്ക് 'പുതിയ ഡ്രസ് കോഡ്'

custodial death

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 26, 2026, 06:44 PM | 1 min read

മുംബൈ: പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിൽ പ്രതികൾ ആത്മഹത്യ ചെയ്യുന്നത് തടയാൻ കർശന നടപടികളുമായി മുംബൈ പൊലീസ്. തുടർച്ചയായുണ്ടാകുന്ന കസ്റ്റഡി മരണങ്ങൾ തടയാനും പ്രതികളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരം. ഇതിന്റെ ഭാഗമായി ലോക്കപ്പുകളിൽ കഴിയുന്ന പ്രതികൾക്ക് പ്രത്യേക ഡ്രസ് കോഡ് നടപ്പിലാക്കി.


ഇനി മുതൽ ഷർട്ടും പാന്റും ധരിച്ച് പ്രതികളെ ലോക്കപ്പിൽ പാർപ്പിക്കില്ല. പകരം ഹാഫ് സ്ലീവ് ടീഷർട്ടും ഷോർട്‌സും മാത്രമേ ധരിക്കാൻ അനുവദിക്കൂ. ഷർട്ടുകളും നീളമുള്ള പാന്റുകളും ലോക്കപ്പിനുള്ളിൽ നിരോധിച്ചു. പകരം കഴുത്തിന് ചുറ്റും ഇലാസ്റ്റിക് ഇല്ലാത്ത ഹാഫ് സ്ലീവ് ടീഷർട്ടുകളും ട്രൗസറുകളും മാത്രമേ അനുവദിക്കൂ. ഷർട്ടോ പാന്റോ ഉപയോഗിച്ച് കെട്ടിത്തൂങ്ങാനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ നീക്കം.


അടുത്തിടെ മുംബൈയിൽ റിപ്പോർട്ട് ചെയ്ത കസ്റ്റഡി മരണങ്ങളിൽ ഭൂരിഭാഗവും വസ്ത്രങ്ങളോ ബെഡ്ഷീറ്റുകളോ ഉപയോഗിച്ച് കെട്ടിത്തൂങ്ങിയുള്ളവയായിരുന്നു. മുംബൈയിലെ ആന്റോപ്പ് ഹിൽ പൊലീസ് സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ പരിഷ്കാരം നടപ്പിലാക്കിക്കഴിഞ്ഞു. വസ്ത്രങ്ങളിലെ മാറ്റത്തിന് പുറമെ ലോക്കപ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും ഉദ്യോ​ഗസ്ഥരുടെ യൂണിഫോമിൽ മാറ്റങ്ങൾ വരുത്താനും തീരുമാനിച്ചിട്ടുണ്ട്.


സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങൾ ഉയരുന്നത് സർക്കാരിനും പൊലീസിനും വലിയ തലവേദന സൃഷ്ടിച്ചിരുന്നു. 2020 മുതൽ 2023 വരെയുള്ള കാലയളവിൽ മഹാരാഷ്ട്രയിൽ 54ലധികം കസ്റ്റഡി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗവും ആത്മഹത്യകളായിരുന്നു. ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പ് കേസിലെ പ്രതി അനുജ് തപൻ ലോക്കപ്പിൽ മരിച്ചതോടെയാണ് നടപടികൾ ഊർജിതമാക്കിയത്. ക്രൈം ബ്രാഞ്ച് ലോക്കപ്പിലെ കിടക്കവിരി ഉപയോഗിച്ചാണ് തപൻ ആത്മഹത്യ ചെയ്തത്.


ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശാസ്ത്രീയമായ മുൻകരുതലുകൾ അത്യാവശ്യമാണെന്ന വിലയിരുത്തലിലാണ് പൊലീസ്. പുതിയ വസ്ത്രധാരണ രീതി നടപ്പിലാക്കുന്നതോടെ ലോക്കപ്പിലെ ആത്മഹത്യാ ശ്രമങ്ങൾക്ക് വലിയതോതിൽ തടയിടാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ദീർഘകാലമായി നിലനിന്നിരുന്ന വേഷവിധാനത്തിലാണ് കാലോചിതമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home