ad
Deshabhimani

വനിതാ സംവരണ ഭേദ​ഗതി ബിൽ; പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങളുമായി പ്രധാനമന്ത്രി

Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദി

വെബ് ഡെസ്ക്

Published on Apr 18, 2026, 09:34 PM | 1 min read

ന്യൂഡൽഹി: വനിതാ സംവരണത്തിന്റെ മറവിൽ ഭരണഘടനാവിരുദ്ധമായി മണ്ഡല പുനര്‍നിർണയം നടത്തി ലോക്‌സഭ, നിയമസഭാ സീറ്റുകൾ വർധിപ്പിക്കാനുള്ള ജനാധിപത്യ വിരുദ്ധ നീക്കം പൊളിഞ്ഞതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്‌ട്രീയ പ്രാതിനിധ്യം ദുർബലമാക്കാനും കേന്ദ്രത്തിൽ ദീർഘകാലം അധികാരം കൈപ്പിടിയിലാക്കാനുമുള്ള ഗൂഢലക്ഷ്യത്തോടെ കൊണ്ടുവന്ന 131 –ാം ഭരണഘടനാഭേദഗതി ബിൽ ലോക്സഭയിൽ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രതിപക്ഷത്തിന് നേരെ ആരോപണം ഉന്നയിച്ചത്.


പ്രതിപക്ഷ പാർടികൾ സ്ത്രീ സംവരണത്തെ നുണ പ്രചരിപ്പിച്ച് തകർത്തു കളഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വനിതാ സംവരണം കാലത്തിന്റെ ആവശ്യമാണ് സ്ത്രീകൾ മുൻനിരയിലേയ്ക്ക് വരും. കോൺഗ്രസും സഖ്യകക്ഷികളും നുണ പ്രചരിപ്പിക്കുന്നു, നുണ കോട്ടകൾ കെട്ടി ബില്ലിനെ പ്രതിപക്ഷം ഇല്ലാതാക്കി. പ്രതിപക്ഷം സ്ത്രീ മുന്നേറ്റത്തെ തടഞ്ഞു, ബിൽ പാസാകാതിരിക്കാൻ പ്രതിപക്ഷം ഗൂഢാലോചന നടത്തി. സ്ത്രീകളു‌‌ടെ അവകാശങ്ങളെ കൊള്ളയടിക്കുന്ന പ്രതിപക്ഷം രാജ്യത്തിന്റെ പുരോഗതിക്ക് തടസം നിന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.


ഭൂരിപക്ഷമുണ്ടെന്ന ധാർഷ്‌ട്യത്തിൽ ജനദ്രോഹ നിയമനിർമാണങ്ങൾ തുടർച്ചയായി പാസാക്കിയെടുക്കുന്ന മോദി സർക്കാരിന്‌ ലോക്‌സഭയിലെ പരാജയം കനത്തപ്രഹരമായി മാറിയിരുന്നു. ഇതാണ് പ്രതിപക്ഷത്തിന് നേരെയുള്ള മുനയമ്പുകൾക്ക് കാരണമായത്. 33 ശതമാനം വനിതാസംവരണം നടപ്പാക്കാനും ലോക്‌സഭാ സീറ്റുകൾ 543ൽനിന്ന് 816 ആയി ഉയർത്താനും ലക്ഷ്യമിടുന്ന ഭരണഘടനാ (131–ാം ഭേദഗതി) ബിൽ, മണ്ഡല പുനർനിർണയ ബിൽ, കേന്ദ്രഭരണപ്രദേശ നിയമഭേദഗതി ബിൽ എന്നിവയാണ്‌ ലോക്‌സഭയിൽ അവതരിപ്പിച്ചത്‌. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ 22 മണിക്കൂറോളം നീണ്ട ചർച്ചയ്‍ക്കുശേഷം നടന്ന വോട്ടെടുപ്പിൽ 528 അംഗങ്ങൾ വോട്ട്‌ ചെയ്‌തു. 298 പേര്‍ അനുക‍ൂലിച്ചപ്പോൾ 230 അംഗങ്ങൾ എതിർത്താണ് വോട്ട് ചെയ്തത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home