'ഓരോരുത്തരെയും ഓർത്ത് അഭിമാനിക്കുന്നു, പഞ്ചാബ് മടങ്ങിവരും': ഹൃദ്യമായ കുറിപ്പുമായി പ്രീതി സിന്റ

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിനു പിന്നാലെ പഞ്ചാബിനെപ്പറ്റി ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് ടീം ഉടമ പ്രീതി സിന്റ. ആഗ്രഹിച്ച രീതിയിൽ അവസാനിച്ചില്ലെങ്കിലും തങ്ങളുടെ യാത്ര അതിമനോഹരമായിരുന്നുവെന്ന് പ്രീതി സിന്റ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച പഞ്ചാബ് കിങ്സിലെ ഓരോ കളിക്കാരനെയും ഓർത്ത് താൻ അഭിമാനിക്കുന്നുവെന്നും അവിശ്വസനീയമായ ഒരു സീസണായിരുന്നു ഇതെന്നും പ്രീതി സിന്റ കുറിച്ചു. ജോലി പൂർത്തിയാക്കിയിട്ടില്ലെന്നും അടുത്ത സീസണിൽ പഞ്ചാബ് തിരിച്ചുവരുമെന്നും പ്രീതി കുറിച്ചു. ഐപിഎല്ലിനു ശേഷം 18 വർഷമായി പഞ്ചാബിനൊപ്പം നിന്ന് പിന്തുണയ്ക്കുന്ന പ്രീതി സിന്റയെപ്പറ്റി സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു.
ഞങ്ങൾ ആഗ്രഹിച്ച രീതിയിലല്ല ഇത് അവസാനിച്ചത്, പക്ഷേ... യാത്ര അതിമനോഹരമായിരുന്നു! ആവേശകരവും രസകരവും പ്രചോദനാത്മകവുമായിരുന്നു. ഞങ്ങളുടെ ടീം മികച്ച പോരാട്ടവും ധൈര്യവും കാഴ്ചവച്ചു. ഞങ്ങളുടെ ക്യാപ്റ്റൻ മുന്നിൽ നിന്ന് നയിച്ച രീതിയും ഈ ഐപിഎല്ലിൽ ഇന്ത്യൻ അൺക്യാപ്പ്ഡ് കളിക്കാർ ആധിപത്യം സ്ഥാപിച്ചതും വളരെ മനോഹരമായിരുന്നു!
ഈ വർഷം പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. പ്രധാന കളിക്കാരെ പരിക്കും ദേശീയ മത്സരങ്ങളും കാരണം നഷ്ടപ്പെട്ടിട്ടും ഞങ്ങൾ റെക്കോർഡുകൾ തകർത്തു. ടൂർണമെന്റ് നിർത്തിവെക്കേണ്ടി വന്നു. ഹോം മത്സരങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റി, ഒരു സ്റ്റേഡിയം ഒഴിപ്പിച്ചു! ഒരു പതിറ്റാണ്ടിനുശേഷം ഞങ്ങൾ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി, ആവേശകരമായ ഒരു ഫൈനലിൽ അവസാനം വരെ പോരാടി.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച പഞ്ചാബ് കിങ്സിലെ ഓരോ കളിക്കാരനെയും ഓർത്ത് ഞാൻ അഭിമാനിക്കുന്നു. അവിശ്വസനീയമായ ഒരു സീസൺ നൽകിയതിന് ഞങ്ങളുടെ സപ്പോർട്ട് സ്റ്റാഫിനും പഞ്ചാബ് കിങ്സിലെ എല്ലാവർക്കും ഒരു വലിയ നന്ദി. എല്ലാറ്റിനുമുപരി വലിയ പോരാട്ടങ്ങളിലും ഞങ്ങളോടൊപ്പം നിന്ന ഞങ്ങളുടെ ആരാധകർക്ക് ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങൾ എന്തുതന്നെയായാലും, എത്ര ദൂരം എത്തിയാലും എല്ലാം നിങ്ങൾ കാരണമാണ്. ഇപ്പോൾ ജോലി പകുതി മാത്രമേ പൂർത്തിയായിട്ടുള്ളു. ആ ജോലി പൂർത്തിയാക്കാൻ തിരിച്ചുവരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. അടുത്ത വർഷം സ്റ്റേഡിയത്തിൽ കാണാം, അതുവരെ എല്ലാവരും സുരക്ഷിതരായിരിക്കുക- പ്രീതി സിന്റ കുറിച്ചു.
ഐപിഎൽ ഫൈനലിൽ ആറു റൺസിനാണ് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു പഞ്ചാബിനെ തോൽപ്പിച്ചത്.









0 comments