മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് ​ഗർഭിണിയും പിതാവും മരിച്ചു

accident

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 25, 2025, 01:26 PM | 1 min read

ചെന്നൈ : മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ചുണ്ടായ അപകടത്തിൽ ​ഗർഭിണിയടക്കം 2 പേർ മരിച്ചു. മധുരവയൽ- താംബരം ബെപ്പാസിൽ അനകാപുത്തൂരിന് സമീപം ചൊവ്വ രാവിലെയാണ് അപകടമുണ്ടായത്. മധുര സ്വദേശികളായ പദ്മനാഭൻ (60), മകൾ ദീപിക (23) എന്നിവരാണ് മരിച്ചത്. ദീപിക 7 മാസം ​ഗർഭിണിയായിരുന്നു. രണ്ട് വർഷമായി ദീപികയും ഭർത്താവും ചെന്നൈ കോട്ടൂർപുരത്താണ് ജീവിക്കുന്നത്. ദീപികയുടെ ​ഗർഭകാല ചടങ്ങുകൾക്ക് ശേഷം മധുരയിലേക്ക് യാത്ര തിരിക്കാനിരിക്കുകയായിരുന്നു കുടുംബം.


തിങ്കൾ രാത്രി ബന്ധുവിന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനു ശേഷം അവിടെ താമസിച്ച് പുലർച്ചെ മധുരയ്ക്ക് യാത്ര തിരിച്ചതാണ് ഇവർ. പുലർച്ചെ, മധുരവയൽ ബൈപാസിലൂടെ കുടുംബം സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് പുറത്തേക്ക് വന്ന ഒരു കാർ അമിത വേഗതയിൽ തെറ്റായ ലെയ്നിൽ പ്രവേശിച്ച് ഇവരുടെ വാഹനവുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. ദീപികയും പത്മനാഭനും സംഭവസ്ഥലത്തുതന്നെ മരിച്ചു. ദീപികയുടെ ​ഗർഭസ്ഥ ശിശുവിനെയും രക്ഷിക്കാൻ സാധിച്ചില്ല.


കാറിലുണ്ടായിരുന്ന ദീപികയുടെ അമ്മയെ തലയ്ക്ക ​ഗുരുതരമായി പരിക്കേറ്റ നിലയിൽ ചെന്നൈ രാജീവ് ​ഗാന്ധി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവരുടെ ‍ഡ്രൈവറും പരിക്കേറ്റ് ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ക്രോംപേട്ട് ട്രാഫിക് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവർ മണികണ്ഠൻ മദ്യപിച്ചിരുന്നതായും ​ഗതാഗതക്കുരുക്കിലും അമിത വേഗത്തിൽ വാഹനമോടിച്ചതായും കണ്ടെത്തി. മണികണ്ഠനെ സംഭവസ്ഥലത്ത് വെച്ചുതന്നെ അറസ്റ്റ് ചെയ്തു. അമിതവേഗതയും അശ്രദ്ധമായി വാഹനമോടിചിചതും ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദീപികയുടെയും പദ്മനാഭന്റെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ക്രോംപേട്ട് ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Home