പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്നു വീണു; നിരവധി തൊഴിലാളികൾക്ക് പരിക്ക്

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് കെട്ടിടം തകർന്നു വീണ് അപകടം. അപകടത്തിന് പിന്നാലെ പ്ലാന്റിൽ നിന്ന് അമോണിയ വാതകം ചോർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. കെട്ടിടത്തിനുള്ളിൽ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു.
ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ സമീപവാസികൾക്ക് ശ്വാസതടസ്സവും കണ്ണ് നീറ്റലും അനുഭവപ്പെട്ടതോടെയാണ് വാതകച്ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ദേശീയ ദുരന്ത നിവാരണ സേനയും ഫയർഫോഴ്‌സും സ്ഥലത്തെത്തി വാതകച്ചോർച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചു വരുന്നു. കോൾഡ് സ്റ്റോറേജിന്റെ കാലപ്പഴക്കമാണോ അതോ വാതക പ്ലാന്റിലെ പൊട്ടിത്തെറിയാണോ അപകടകാരണമെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു.
വാതകച്ചോർച്ചയെത്തുടർന്ന് മുൻകരുതൽ നടപടിയായി പ്രദേശത്തെ ആളുകളെ താൽക്കാലികമായി ഒഴിപ്പിച്ചു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.










0 comments