ad
Deshabhimani

സിനിമയിലെ കൈയടി രാഷ്ട്രീയത്തിലുണ്ടാകില്ല; വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി പ്രകാശ് രാജ്

Prakash Raj.jpg
വെബ് ഡെസ്ക്

Published on Apr 18, 2026, 07:34 AM | 1 min read

പളനി: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ, തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് നടൻ പ്രകാശ് രാജ്. സിനിമയിലെ ആരാധകവൃന്ദത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു.


പളനിയിൽ സിപിഐ എം സ്ഥാനാർഥി എൻ പാണ്ടിയുടെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെ മൂന്ന് മാതൃകകളായി പ്രകാശ് രാജ് തരംതിരിച്ചു. ദ്രാവിഡ മോഡൽ, അടിമത്ത മോഡൽ, സിനിമാ മോഡൽ എന്നിവയാണവ.


സിനിമാ താരങ്ങൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് ഒരു ട്രെൻഡായി മാറുന്നതിനെ അദ്ദേഹം പരിഹസിച്ചു. സിനിമയിലെ വേഷങ്ങൾ രാഷ്ട്രീയത്തിലെ ഉത്തരവാദിത്തത്തിന് പകരമാകില്ലെന്ന് പ്രകാശ് രാജ് ഓർമ്മിപ്പിച്ചു. സിനിമയിൽ നിങ്ങൾക്ക് ഡോക്ടറോ എഞ്ചിനീയറോ മുഖ്യമന്ത്രിയോ ഒക്കെ ആകാം.


എന്നാൽ യഥാർത്ഥ ജീവിതത്തിൽ രാഷ്ട്രീയ പ്രവർത്തനത്തിന് കൃത്യമായ പ്രതിബദ്ധത ആവശ്യമാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട നടനെ തിയേറ്ററിൽ പോയി പ്രോത്സാഹിപ്പിക്കാം, വിസിലടിക്കാം. എന്നാൽ നാടിൻ്റെ ഭരണം അത്തരക്കാരുടെ കൈകളിൽ ഏൽപ്പിക്കരുത്. തമിഴ്നാട് നേരിട്ട പ്രതിസന്ധികളിലും ഭാഷാപരമായ പോരാട്ടങ്ങളിലും വിജയിൻ്റെ അസാന്നിധ്യത്തെ പ്രകാശ് രാജ് ചോദ്യം ചെയ്തു.


തമിഴ് ജനത പ്രശ്നങ്ങൾ നേരിട്ടപ്പോൾ വിജയ് അവർക്കൊപ്പം നിന്നിട്ടുണ്ടോ എന്നും, തമിഴ് ഭാഷയുടെ ആത്മാഭിമാനത്തിന് വേണ്ടി സംസാരിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ജനങ്ങൾക്ക് നടന്മാരോടുള്ള സ്നേഹം അവരുടെ അഭിനയത്തോടാണെന്നും അത് രാഷ്ട്രീയ പിന്തുണയായി തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സിനിമയും രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ജനങ്ങൾ തയ്യാറാകണമെന്നും, നാടിൻ്റെ ഭാവിക്കായി ശരിയായ രാഷ്ട്രീയ ബോധമുള്ളവരെ തിരഞ്ഞെടുക്കണമെന്നും പ്രകാശ് രാജ് അഭ്യർത്ഥിച്ചു. സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കണമെന്നും അദ്ദേഹം പളനിയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home