'കാമരാജ് തോറ്റു, സ്റ്റാലിനും'; സമൂഹം രാഷ്ട്രീയമായി മാറി: തമിഴ്‌നാട് ജനവിധിയിൽ വിമർശനവുമായി പ്രകാശ് രാജ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ദ്രാവിഡ രാഷ്ട്രീയത്തെ അപ്രസക്തമാക്കി വിജയിയുടെ ടിവികെ മുന്നേറിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. തമിഴ് സമൂഹം ഇപ്പോഴും രാഷ്ട്രീയമായി മാറിയിട്ടില്ലെന്നും വെറും 'ആരാധകക്കൂട്ടമായി' തുടരുകയാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
വികസന രാഷ്ട്രീയവും ഭരണനേട്ടങ്ങളും ഉയർത്തിപ്പിടിച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ തോൽവിയെ മുൻ മുഖ്യമന്ത്രി കാമരാജിന്റെ പരാജയത്തോടാണ് പ്രകാശ് രാജ് ഉപമിച്ചത്. കാമരാജ് തോറ്റു, എം കെ സ്റ്റാലിനും തോറ്റു. സമൂഹം ഇപ്പോഴും ആരാധകരാൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു.
തമിഴ് ജനത രാഷ്ട്രീയമായി പക്വത കൈവരിച്ചിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്. രാഷ്ട്രീയ അവബോധം വളർത്തുക എന്നത് എപ്പോഴും പ്രതിപക്ഷ പാർട്ടിയുടെ ജോലിയാണെന്നും അദ്ദേഹം കുറിച്ചു. പ്രവചനങ്ങളെ മുഴുവൻ അസ്ഥാനത്താക്കിയാണ് വിജയിയുടെ ടിവികെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.
234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ടയിടത്ത് ടിവികെ 108 സീറ്റുകൾ നേടി. ഭരണകക്ഷിയായ ഡിഎംകെ വെറും 59 സീറ്റുകളിലേക്ക് ഒതുങ്ങുന്ന കാഴ്ചയാണ് കണ്ടത്. എഐഎഡിഎംകെ 47 സീറ്റുകൾ നേടി മൂന്നാം സ്ഥാനത്തായി.
പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച വിജയ് വരാനിരിക്കുന്ന സഖ്യനീക്കങ്ങളിലൂടെ അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ്. ടിവികെയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കേരളത്തിലെ യുഡിഎഫ് നേതൃത്വം ഇന്ന് ഡൽഹിയിൽ ചർച്ച നടത്താനിരിക്കെയാണ് പ്രകാശ് രാജിന്റെ ഈ പ്രതികരണം.










0 comments