ad
Deshabhimani

റെക്കോർഡുകൾ തകർക്കാനുള്ളതാണ്! തെറ്റിയ റൂട്ട് ശരിയാക്കി പ്രഫുൽ സിങ് വീണ്ടും ഗിന്നസ് ബുക്കിലേക്ക്

prafull guinness
വെബ് ഡെസ്ക്

Published on Sep 01, 2026, 04:53 PM | 1 min read

ന്യൂഡൽഹി: രാവിലെ ആറിന് യാത്ര തുടങ്ങി. ലക്ഷ്യം ഒന്ന് മാത്രം. ഡൽഹി മെട്രോ ശൃംഖലയിലെ എല്ലാ സ്റ്റേഷനുകളിലും ട്രെയിൻ നിർത്തണം. രാത്രി ഒമ്പതോടെ യാത്ര അവസാനിക്കുമ്പോൾ പ്രഫുൽ സിങ് സ്വന്തമാക്കിയത് പുതിയ ഗിന്നസ് ലോകറെക്കോർഡ്.


ഡൽഹി മെട്രോ റെയിൽ കോർപറേഷനിലെ ജീവനക്കാരനായ പ്രഫുൽ സിങ് 14 മണിക്കൂർ 54 മിനിറ്റ് 36 സെക്കൻഡിലാണ് ഡൽഹി മെട്രോയിലെ എല്ലാ സ്റ്റേഷനുകളും ഉൾപ്പെടുത്തിയ യാത്ര പൂർത്തിയാക്കിയത്. മെയ് 23ന് വയലറ്റ് ലൈനിലെ രാജാ നഹർ സിങ് സ്റ്റേഷനിൽനിന്നായിരുന്നു ആരംഭിച്ചത്. ഗുരുഗ്രാമിലെ മില്ലേനിയം സിറ്റി സെന്ററിൽ അവസാനിച്ചു.


സുജോയ് കുമാർ മിത്രയും ഷിപ്ര ഗുപ്തയും 2023 ജൂണിൽ സ്ഥാപിച്ച 15 മണിക്കൂർ 21 മിനിറ്റ് 4 സെക്കൻഡ് എന്ന റെക്കോർഡാണ് പ്രഫുൽ മറികടന്നത്.


പ്രഫുലിന്റെ ആദ്യ ശ്രമമല്ല ഇത്. 2022ൽ 254 സ്റ്റേഷനുകൾ 16 മണിക്കൂർ 2 മിനിറ്റ് 17 സെക്കൻഡിൽ പിന്നിട്ട് ഇതേ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ അന്ന് തെറ്റായ റൂട്ട് തെരഞ്ഞെടുത്തതിനെ തുടർന്ന് ഏകദേശം ഒന്നര മണിക്കൂർ നഷ്ടപ്പെട്ടതായി പ്രഫുൽ പറയുന്നു.


ഇത്തവണ കൃത്യമായ പ്ലാനുമായാണ് ഇറങ്ങിയത്. ഡിഎംആർസിയിലെ ഓപ്പറേഷൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നതിനാൽ ട്രെയിൻ സമയക്രമം, റൂട്ടുകൾ, ഇന്റർചേഞ്ചുകൾ, സർവീസ് രീതികൾ എന്നിവയിലുള്ള പരിചയവും സഹായകമായി.


ഗിന്നസ് നിയമം അനുസരിച്ച് ട്രെയിൻ ഓരോ സ്റ്റേഷനിലും നിർത്തണം. എല്ലാ സ്റ്റേഷനിലും ഇറങ്ങേണ്ടതില്ലെങ്കിലും ഓരോ സ്റ്റേഷനിലെത്തിയതിന്റെ സമയമുദ്രയുള്ള ഫോട്ടോ തെളിവ് നൽകണം. അതുകൊണ്ട് വെറുമൊരു ദീർഘയാത്രയല്ല, കൃത്യമായ സമയനിയന്ത്രണവും റൂട്ട് പ്ലാനിങ്ങും ആവശ്യമായ വെല്ലുവിളിയായിരുന്നു ഇത്.


പ്രഫുൽ ഒരു മെട്രോ ജീവനക്കാരൻ മാത്രമല്ല. അയൺമാൻ ട്രയാത്‌ലറ്റായ അദ്ദേഹം നീന്തൽ, മാരത്തൺ, സൈക്ലിങ് മത്സരങ്ങളിലും സജീവമാണ്. 2021ൽ വീട്ടിനുള്ളിൽ 3,000 കിലോമീറ്റർ സൈക്കിൾ ചവിട്ടി 134 മണിക്കൂറിൽ പൂർത്തിയാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരുന്നു.


ഇനി മറ്റൊരു വലിയ ലക്ഷ്യം കൂടി പ്രഫുലിനുണ്ട്. കാൻസർ ഗവേഷണത്തിന് പിന്തുണ സമാഹരിക്കുന്നതിനായി ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് നീന്താനാണ് പദ്ധതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home