വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസ് അതിക്രമം പ്രതിഷേധാർഹം; പിണറായി വിജയൻ

തിരുവനന്തപുരം: കേരള സർവകാലാശലയിൽ വിദ്യാർഥികൾക്കുനേരെയുള്ള പൊലീസ് അതിക്രമം പ്രതിഷേധാർഹമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വനിതാ പൊലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെ പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർഥികൾക്ക് നേരെ നടത്തിയ ലാത്തിചാർജ് എതിർ ശബ്ദങ്ങളെ അടിച്ചൊതുക്കുന്ന യുഡിഎഫ് നയത്തിന്റെ ഭാഗമാണ്. സർക്കാരിന്റെ സംഘപരിവാർ വിധേയത്വം തുറന്നുകാട്ടപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണോ ഈ പൊലീസ് നരനായാട്ടിന് പിന്നിലുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
ഓണാഘോഷ സമാപന ചടങ്ങിന് പിന്നാലെ സർവകലാശാല പരിപാടിയിലും വന്ദേമാതരം പൂർണമായി ആലപിച്ചതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർഥികൾ സർവ്വകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. വിദ്യാർഥികൾക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചതിന് പിന്നാലെ പൊലീസ് ലാത്തിചാർജ് നടത്തുകയായിരുന്നു. സാധാരണ നിലയിൽ പാലിക്കേണ്ട നടപടിക്രമങ്ങളോ മുന്നറിയിപ്പോ നൽകാതെയായിരുന്നു പൊലീസിന്റെ നരനായാട്ട്.
എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ പങ്കെടുത്ത മാർച്ചിൻറെ ഉദ്ഘാടനം പോലും നടത്താൻ സമ്മതിക്കാതെ പൊലീസ് അതിക്രമം നടത്തുകയായിരുന്നു. അതിക്രൂരമായാണ് പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർഥികളെ തല്ലിചതച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ഈ അന്യായ നടപടിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.










0 comments