ഓണം കഴിഞ്ഞിട്ടും രക്ഷയില്ല; കുടുംബ ബജറ്റ് തെറ്റിച്ച് വിലക്കയറ്റം

തിരുവനന്തപുരം: വിപണിയിൽ സർക്കാർ ഇടപെടൽ ഇല്ലാതായതോടെ നിയന്ത്രിക്കാനാകാതെ വില കുതിച്ചുയരുന്നു. കുടുംബ ബജറ്റിനെ താളംതെറ്റിക്കുംവിധം വിലക്കയറ്റം രൂക്ഷമായതോടെ നട്ടംതിരിയുകയാണ് സാധാരണക്കാർ. ഓണം കഴിഞ്ഞിട്ടും വിലക്കയറ്റം തുടരുന്നത് സർക്കാരിന്റെ കാര്യശേഷി ഇല്ലായ്മ വെളിപ്പെടുത്തുകയാണ്.
അവശ്യ സാധനങ്ങൾക്ക് ഇപ്പോഴും വില കുറഞ്ഞിട്ടില്ല. ഓണത്തിന് മുൻപ് കിലോയ്ക്ക് 35 രൂപയായിരുന്ന സവാളവില 57 മുതൽ 60 രൂപ വരെയായി ഉയർന്നു. ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് 130 രൂപ കടന്നു. വെളിച്ചെണ്ണ, പഞ്ചസാര, ശർക്കര, അരി എന്നിവയ്ക്കും വിലയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. പഞ്ചസാര വില കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലാണ്. 55 മുതൽ 60 രൂപവരെയായിരുന്ന ശർക്കരയ്ക്ക് ഇപ്പോൾ 75 രൂപയ്ക്ക് മുകളിലാണ് കിലോയ്ക്ക് വില. വിപണിയിൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമാണെന്ന പരാതിയുമുണ്ട്.
ഓണക്കാലത്തും വിപണിയിൽ നേരിട്ട് ഇടപെടാതെ ജനങ്ങളെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിടുകയായിരുന്നു യുഡിഎഫ് സർക്കാർ.
എല്ലാ സാധനത്തിനും വില കൂടിയിട്ടും സർക്കാർ ജനങ്ങളെ കയ്യൊഴിഞ്ഞു.
അരിക്കും പഞ്ചസാരയ്‌ക്കും പത്ത് രൂപ കൂടി. സപ്ലൈകോ വഴി അരി കൂടുതൽ ലഭ്യമാക്കിയിരുന്നെങ്കിൽ വിലവർധന പിടിച്ചുനിർത്താൻ കഴിയുമായിരുന്നു. ഹോർടികോർപ് വഴി പച്ചക്കറി സംഭരിക്കുന്നതിൽ വീഴ്‌ച വരുത്തിയത് കുടുംബബജറ്റിൽ ആഘാതം ഇരട്ടിയാക്കി.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അല്ലലില്ലാതെ സുഭിക്ഷമായി ഓണം ആഘോഷിക്കാൻ ഫലപ്രദമായ വിപണി ഇടപെടൽ നടത്തിയിരുന്നു. കൺസ്യൂമർഫെഡ്, സപ്ലൈകോ, സഹകരണ സ്‌റ്റോറുകൾ എന്നിവയിലൂടെ ആവശ്യാനുസരണം സാധനങ്ങളെത്തിച്ച് 10 വർഷം കേരളം വിലക്കയറ്റത്തെ പ്രതിരോധിച്ചു. ഇൗ മാതൃകയാണ് യുഡിഎഫ് സർക്കാർ പൊളിക്കുന്നത്.
കഴിഞ്ഞവർഷം, ഹോർട്ടികോർപ്, കൃഷിഭവൻ എന്നിവയിലൂടെ പച്ചക്കറികൾ കർഷകനിൽനിന്ന് ശേഖരിച്ച് വിറ്റപ്പോൾ വിലയിൽ കുറവുണ്ടായി. എട്ട് കിലോ സബ്‌സിഡി അരിക്കുപുറമെ കാർഡ് ഒന്നിന് 20 കിലോഗ്രാം പച്ചരിയും പുഴുക്കലരിയും 25 രൂപ നിരക്കിൽ നൽകി. ഇപ്പോൾ പിങ്ക് കാർഡിന് മൂന്നു കിലോയും നീല, വെള്ള കാർഡുകൾക്ക് 10 കിലോയുമായി കുറച്ചു. കിലോക്ക് 26 രൂപ നൽകണം. പൊതുവിതരണ ശൃംഖലവഴി വിലക്കയറ്റം പിടിച്ചുനിർത്തുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായി. പൊതുവിപണിയിൽ കഴിഞ്ഞവർഷത്തേക്കാൾ ഇരട്ടിയാണ് പലതിനും വില. 175ൽനിന്ന് മുളകിന്റെ വില 320ലേക്കും മല്ലി 118ൽനിന്ന് 210ലേക്കും ഉഴുന്ന് 125ൽനിന്ന് 145ലേക്കും കുതിച്ചു.










0 comments