എ ആര്‍ റഹ്മാന്റെ ജീവിതം പുസ്തകമാകുന്നു; ആത്മകഥ 'റഹ്മാൻ: എ റിനൈസൻസ്'

ഇന്ത്യൻ സംഗീത ലോകത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്തിയ സംഗീതകാരൻ ഓസ്കര്‍ ജേതാവ് എ ആര്‍ റഹ്മാന്റെ ജീവിതം പുസ്തകമാവുന്നു. ആത്മകഥാ രൂപത്തിലാണ് സംഗീത ജീവിതം പുറത്തെത്തുന്നത്. എഴുത്തുകാരി രൂപാ ചക്രവര്‍ത്തിക്കൊപ്പം ചേര്‍ന്നാണ് പുസ്തക രചന നിര്‍വ്വഹിക്കുന്നത്.
'റഹ്മാൻ: എ റിനൈസൻസ്' (Rahman: A Renaissance) എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. ചൈന്നൈയിലെ ആദ്യകാല ജീവിതം മുതൽ സംഗീത ലോകത്തെ പുതുവിപ്ലവം വരെ നീളുന്ന ജീവതമാണ് വായനക്കാര്‍ക്ക് മുന്നിൽ എത്താനിരിക്കുന്നത്.
റഹ്മാൻ ഇതിനെ കുറിച്ച് തന്റെ വിചാരവും ആരാധകര്‍ക്കായി പങ്കുവെച്ചു.
"ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികൾ, ആഗ്രഹങ്ങൾ, നേരിടേണ്ടി വരുന്ന പ്രതിസന്ധികളും പരീക്ഷണങ്ങളും, കൂടെയുള്ളവരുമായുള്ള ആത്മബന്ധം, മനസ്സിനുള്ളിലെ വൈകാരികമായ കൊടുംകാറ്റുകൾ... ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഏതെങ്കിലുമൊരു രീതിയിൽ ഇവയെല്ലാം ഞാൻ സൃഷ്ടിക്കുന്ന ഈണങ്ങളുടെ ഭാഗമായി മാറാറുണ്ട്. എന്റെ ആ യാത്രയെ സ്വാധീനിച്ച നിമിഷങ്ങളും അനുഭവങ്ങളും ചിന്തകളും ഈ പുസ്തകത്തിലൂടെ ലോകത്തിന് മുന്നിൽ തുറന്നുവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്."
അദ്ദേഹത്തിന്റെ കലാജീവിതത്തിലെ അപൂര്‍വ നിമിഷങ്ങളിലേക്കും സര്‍ഗ്ഗാത്മക വഴികളിലേക്കും എത്തിക്കുന്ന പുസ്തകം ഉടൻ പുറത്തിറങ്ങും. ഒരു കലാകാരൻ എന്ന നിലയിൽ തന്റെ പ്രതിഭയെയും നേരിട്ട തിരിച്ചടികളെയും കൈവരിച്ച ഊര്‍ജത്തെയും സ്വന്തം കാഴ്ചപാടുകളെയും ഇതിലൂടെ റഹ്മാൻ ആരാധക ലോകത്തിന് മുന്നിൽ തുറന്നു വെക്കുന്നു.










0 comments