ad
Deshabhimani

print edition വൈദ്യുതി സ്ഥിരനിരക്ക്‌ കൂട്ടാൻ ശുപാർശ; ബില്ലിലൂടെ ജനങ്ങളെ
കൊള്ളയടിക്കാൻ കേന്ദ്രം

electricity act amendment
വെബ് ഡെസ്ക്

Published on May 19, 2026, 12:00 AM | 1 min read

തിരുവനന്തപുരം: വൈദ്യുതി ഉപയോക്താക്കളുടെ പ്രതിമാസ ബില്ലിൽ സ്ഥിരനിരക്ക്‌ വർധിപ്പിക്കാനുള്ള കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമീഷന്റെ (സിഇആർസി) തീരുമാനം രാജ്യത്തെ വൻകിട സ്വകാര്യ കുത്തകകൾക്ക് ജനങ്ങളെ കൊള്ളയടിച്ച് ലാഭമുണ്ടാക്കാനുള്ള കളമൊരുക്കലാകും.


വൈദ്യുതി സംഭരിച്ചുവയ്ക്കാനുള്ള സംവിധാനം ഒരുക്കണമെന്നും അതിനുള്ള ചെലവ്‌ ഉപയോക്താക്കളിൽനിന്ന്‌ ഇ‍ൗടാക്കണമെന്നുമാണ്‌ നിർദേശം. ഇതിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാന സർക്കാറിന്റെ നിലപാട്‌ നിർണായകമാകും.


രാജ്യത്ത്‌ സോളാർ, കാറ്റ്‌ തുടങ്ങിയ പുനരുപയോഗ


ഉ‍ൗർജസ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനത്തിൽ വർധനയുണ്ടെങ്കിലും സംഭരണത്തിന്‌ മാർഗങ്ങളില്ല. പുനരുപയോഗ ഉ‍ൗർജത്തിന്റെ ഉൽപ്പാദനത്തിൽ സ്ഥിരതയില്ലാത്തതിനാൽ വൈദ്യുതിലൈനിലെ വോൾട്ടേജിനെ ബാധിക്കാനിടയുണ്ട്‌.


അതിനാൽ ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് തുടങ്ങിയ സംഭരണസംവിധാനം (ഇന്റഗ്രേറ്റഡ് എനർജി സ്റ്റോറേജ് സിസ്റ്റംസ് –ഐഇഎസ്‌എസ്‌) ഒരുക്കണം.


ഇതിനുള്ള ചെലവ്‌ കണ്ടെത്താൻ അധിക സ്ഥിരനിരക്ക്‌ (സപ്ലിമെന്ററി ഫിക്സഡ് ചാർജ്) ഇ‍ൗടാക്കണമെന്നാണ്‌ ശുപാർശ. 2030ഓടെ ഗാർഹിക, കാർഷിക ഉപയോക്താക്കളിൽനിന്ന്‌ ചെലവിന്റെ 25 ശതമാനംവരെയും വ്യവസായ, വാണിജ്യ ഉപയോക്താക്കളിൽനിന്ന്‌ 100 ശതമാനംവരെയും ഇ‍ൗടാക്കണം.


സ്റ്റോറേജ് സംവിധാനങ്ങളിൽനിന്നുള്ള വൈദ്യുതി സംസ്ഥാനങ്ങൾ ഉപയോഗിച്ചില്ലെങ്കിലും ഇ‍ൗ തുക നൽകണം. സ്വകാര്യ കമ്പനികൾക്കാണ്‌ സംഭരണസംവിധാനമൊരുക്കാനുള്ള ചുമതല നൽകുക. ഇതിന്റെ മുഴുവൻ ചെലവും ഫിക്സഡ് ചാർജായി വൈദ്യുതി ബില്ലിലൂടെ ഈടാക്കി ലാഭം കൊയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്.


ഇത്തരം ജനദ്രോഹപരമായ നയങ്ങളിലൂടെ കെഎസ്ഇബി അടക്കമുള്ള പൊതുമേഖലാ വിതരണ കമ്പനികളെ നോക്കുകുത്തികളാക്കി മാറ്റി സ്വകാര്യ മൂലധന ശക്തികൾക്ക് രാജ്യത്തിന്റെ ഊർജമേഖല അടിയറവ് വയ്ക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌. നിർദേശം സംസ്ഥാന റഗുലേറ്ററി കമീഷനുകൾ പരിശോധിച്ചശേഷമായിരിക്കും അന്തിമതീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home