Deshabhimani

ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂർത്തിയായി, തമിഴ്‌നാട്ടിൽ ഉയർന്ന പോളിംഗ്

election polling
വെബ് ഡെസ്ക്

Published on Oct 06, 2026, 07:33 PM | 1 min read

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന വോട്ടെടുപ്പ് അവസാനിച്ചു. ബംഗാളിലെ റജിനഗർ, നന്ദിഗ്രാം, തമിഴ്‌നാട്ടിലെ മധുരാന്തകം, ധാരാപുരം, പുതുച്ചേരിയിലെ തട്ടഞ്ചവാടി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ നഗാവ്‌ ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്. വെള്ളിയാഴ്‌ചയാണ് വോട്ടെണ്ണൽ.


തമിഴ്‌നാട് മധുരാന്തകം മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് — 83.86%. ധാരാപുരത്ത് 78.53% പോളിംഗ് രേഖപ്പെടുത്തി.

പശ്ചിമ ബംഗാളിലെ നന്ദിഗ്രാമാലും റജിനഗർ മണ്ഡലത്തിലുമായി 79.39% വോട്ടിംഗ് രേഖപ്പെടുത്തി. പുതുച്ചേരി തട്ടാഞ്ചാവടി അസംബ്ലി മണ്ഡലത്തിൽ 78.83% വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. അസം നാഗാവ് ലോക്‌സഭാ മണ്ഡലത്തിൽ 76% പോളിംഗ് രേഖപ്പെടുത്തി.


ശക്തമായ സുരക്ഷയായിരുന്നു മണ്ഡലങ്ങളിൽ ഒരുക്കിയിരുന്നത്. നന്ദിഗ്രാമിലും റെജിനഗറിലും 71 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിരുന്നു. ​നാഗോണിൽ ബിജെപിയുടെ ദേവാശിഷ് ശർമ, കോൺഗ്രസിന്റെ സിബമോണി ബോറ, എഐയുഡിഎഫ് അധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ എന്നിവരടക്കം 15 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.


പുതുച്ചേരിയിലെ തട്ടാഞ്ചാവടിയിൽ എഐഎൻആർസി നേതൃത്വത്തിലുള്ള എൻഡിഎ, കോൺഗ്രസ്, ഡിഎംകെ എന്നിവരാണ് മത്സരരം​ഗത്ത്. തമിഴ്നാട്ടിൽ ഭരണകക്ഷിയായ ടിവികെ, ഡിഎംകെ, എഐഎഡിഎംകെ, ഇടതുപാർടികൾ എന്നിവരാണ് മത്സരരംഗത്ത്. മുൻ AIADMK എംഎൽഎമാരായ കെ മരഗതം കുമാരവേൽ, പി സത്യഭാമ എന്നിവർ രാജിവെച്ച് ഭരണകക്ഷിയായ ടിവികെയിൽ ചേർന്നതിനെ തുടർന്നാണ് മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.


നന്ദിഗ്രാമിലും റെജിനഗറിലും വോട്ടിംഗ് ക്രമക്കേടുകളും ഭീഷണികളും ആരോപിച്ച് ഇരു മണ്ഡലങ്ങളിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അസമിൽ കോൺഗ്രസ് എം.പി പ്രദ്യുത് ബോർഡോലോയി രാജിവെച്ചതിനെ തുടർന്നാണ് നാഗാവ് ലോക്‌സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസാമി സീറ്റ് ഒഴിഞ്ഞതിനെ തുടർന്നാണ് തട്ടാഞ്ചാവടിയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home