'ഇറാനെതിരെയുള്ള യുദ്ധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൗനം അപലപനീയം'; സിപിഐ എം

സിപിഐ എം
ന്യൂഡല്‍ഹി: ഇറാനെതിരെ ഇസ്രയേലും യുഎസും ചേര്‍ന്ന് നിയമവിരുദ്ധ യുദ്ധം നടത്തവെ കേന്ദ്രസർക്കാർ നിശബ്ദതയും നിഷ്‌ക്രിയത്വവും പുലർത്തുന്നത് അപലപനീയമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ. ഇൗ നിലപാട് രാജ്യത്തിന്‍റെ വിദേശ നയത്തെ ദുര്‍ബലപ്പെടുത്തുമെന്ന് പൊളിറ്റ്‌ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാജ്യത്തിന്‍റെ ദീര്‍ഘകാല സാമ്രാജ്യവിരുദ്ധ നിലപാടുകള്‍ക്ക് കോട്ടം വരുത്തുന്ന തരത്തിലാണ് കേന്ദ്രം നിലകൊള്ളുന്നതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
'ഇറനെതിരെ ആരംഭിച്ച യുദ്ധം പശ്ചിമേഷ്യയും കടന്ന് നമ്മുടെ അയല്‍രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്. ഇറാന്‍റെ യുദ്ധക്കപ്പലായ ഐആർഐഎസ് ദേനയെ യുഎസ് അന്തര്‍വാഹിനി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുക്കിയിരുന്നു. വിശാഖപട്ടണത്ത് നടന്ന സംയുക്ത സായുധ അഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന കപ്പലിന്, സുരക്ഷാ സംവിധാനമൊരുക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. മാത്രമല്ല, ട്രിങ്കോമാലിയിൽ 208 ജീവനക്കാരെ രക്ഷപ്പെടുത്തിയ ശേഷം രണ്ടാമത്തെ ഇറാനിയൻ കപ്പലായ ഐആർഐഎസ് ബുഷെറിന് സുരക്ഷിതമായി നങ്കൂരമിടാനുള്ള സാഹചര്യം ശ്രീലങ്ക ഒരുക്കിക്കൊടുത്തത് ഇന്ത്യയെ ലജ്ജിക്കേണ്ട സ്ഥിതിവിശേഷത്തിൽ എത്തിച്ചിരിക്കയാണ്. അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾക്കനുസൃതമായി മാനുഷികപരമായ നിലപാടാണ് ശ്രീലങ്ക സ്വീകരിച്ചത്. എന്നാല്‍, ദക്ഷിണേഷ്യയിലെ മുൻനിര രാഷ്ട്രമെന്ന ഇന്ത്യയുടെ പദവി ഇല്ലാതാക്കുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നത്'.
'യുദ്ധത്തിന് തൊട്ടുമുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇസ്രയേല്‍ സന്ദര്‍ശനം, ഇന്ത്യന്‍ വിദേശനയം അമേരിക്കയുടെ മുന്നില്‍ പൂര്‍ണമായി കീഴടങ്ങുന്നുവെന്നാണ് പ്രതിഫലിപ്പിക്കുന്നത്. യുദ്ധക്കുറ്റവാളിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ച ബെന്യമിന്‍ നെതന്യാഹുവിനെ ആലിംഗനം ചെയ്യുന്ന മോദിയുടെ ചിത്രം, ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നിഷ്പക്ഷതയുടെ മുഖംമൂടി തുറന്നുകാട്ടുന്നതാണ്. സമാധാനത്തിനും രാജ്യങ്ങളുടെ പരമാധികാരത്തിനും വേണ്ടി നിലകൊണ്ടിരുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, അയത്തുള്ള അലി ഖമനേയിയുടെ വധത്തില്‍ അപലപിക്കാന്‍ പോലും തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാരിന്‍റെ നിശബ്ദത ലജ്ജാകരമാണ്. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് ഇന്ത്യയുടെ ഊര്‍ജ സുരക്ഷയ്ക്ക് കാര്യമായ അനിശ്ചിതത്വം സൃഷ്ടിക്കും. ഈ അവസരത്തില്‍ ദാനമെന്ന പോലെ റഷ്യയുടെ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് 30 ദിവസത്തെ സാവകാശം അനുവദിച്ചിരിക്കുകയാണ് യുഎസ്. കൂടാതെ, ചൈനക്ക് നല്‍കിയപോലുള്ള ഇളവുകള്‍ ഇന്ത്യയ്ക്ക് നല്‍കില്ലെന്നും ഇന്തോ-യുഎസ് വ്യാപാരം, അമേരിക്കയ്ക്ക് അനുകൂലമാകുന്ന നിലയിലാണെന്ന് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്'.
'സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയും വലിയൊരു നാണക്കേട് രാജ്യം നേരിടേണ്ടി വന്നിട്ടില്ല. നിലവിലെ സാഹചര്യം പരിഹരിക്കുന്നതിന്, യുദ്ധത്തിന് ഉടന്‍ വിരാമമിടാനും രാജ്യത്തിന്‍റെ അഭിമാനം വീണ്ടെടുക്കാനും സമാധാനം പുനസ്ഥാപിക്കാനും വേണ്ടി, മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നു. പശ്ചിമേഷ്യയിലുടനീളമുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കണമെന്ന്' വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.










0 comments