കാലികളുമായി പോയ വാഹനത്തെ പിന്തുടർന്ന് വെടിയുതിർത്ത് കർണ്ണാടക പൊലീസ്

മംഗളൂരു: നിയമവിരുദ്ധമായി കന്നുകാലികളെ കടത്തിക്കൊണ്ടു പോയതായി ആരോപിച്ച് വാഹനത്തെ പിന്തുടർന്ന് വെടിയുതിർത്ത് കർണ്ണാടക പൊലീസ്. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കാസർഗോഡ് സ്വദേശിയായ ഡ്രൈവർ പത്ത് കന്നുകാലികളെ ഒരു വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെയാണ് പൊലീസ് നടപടി.
ഒരാൾ അറസ്റ്റ് ഒഴിവാക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് വെടിയുതിർത്തതായി ഉദ്യോഗസ്ഥർ ഇതിനെ ന്യായീകരിച്ചു. നിർത്താൻ സൂചന നൽകിയപ്പോൾ വേഗത്തിൽ ഓടിച്ചുപോയതായും, തുടർന്ന് ഏകദേശം 10 കിലോമീറ്റർ ദൂരത്തേക്ക് പിന്തുടർന്നതായും പൊലീസ് വിശദമാക്കി.
സബ് ഇൻസ്പെക്ടർ വാഹനത്തിന് നേരെ ഒരു റൗണ്ട് വെടിയുതിർത്തതായും മറ്റൊരു റൗണ്ട് ഡ്രൈവറുടെ കാലിൽ തറച്ചതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട് ചെയ്തു
വെടിയേറ്റയാളെ ചികിത്സയ്ക്കായി മംഗളൂരുവിലെ വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.
കർണാടക ഗോവധ നിരോധന നിയമപ്രകാരം ബെല്ലാരെ പോലീസ് സ്റ്റേഷനിൽ ചാർജ് ചെയ്ത ഒരു കേസിൽ പ്രതിയായ വ്യക്തിക്കാണ് വെടിയേറ്റത് എന്നും പോലീസ് അവകാശപ്പെട്ടു.









0 comments