ad
Deshabhimani

വ്യവസായി സി ജെ റോയിയുടെ മരണം: വിശദമായ അന്വേഷണത്തിന് പൊലീസ്

C J Roy
വെബ് ഡെസ്ക്

Published on Jan 31, 2026, 06:18 AM | 2 min read

ബംഗളൂരു: ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡിനിടെ മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ സി ജെ റോയ് (57) ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. തുടർച്ചയായുള്ള ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്നാണ് റോയ് ജീവനൊടുക്കിയതെന്നും മരിച്ചിട്ടും റെയ്ഡ് തുടർന്നെന്നും രേഖകൾ കടത്തിക്കൊണ്ടുപോയെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഇതോടെ പൊലീസ് കുടുംബത്തിന്റെയും ആദായനികുതി ഉദ്യോ​ഗസ്ഥരുടെയും മൊഴിയെടുക്കും.


സംസ്കാരത്തിന്റെ സമയത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. പോസ്റ്റ്മോർട്ടം പൂർത്തിയായി രാവിലെ പത്തോടെ സഹോദരന്റെ വീട്ടിൽ മൃതദേഹമെത്തിക്കുമെന്നാണ് റിപ്പോർട്ട്. അതിന് ശേഷം പൊതുദർശനമുണ്ടാകും.


ബംഗളൂരുവിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആസ്ഥാനത്ത് വെള്ളി വൈകിട്ട് 3.15ഓടെയാണ് ദാരുണ സംഭവം. സ്വന്തം തോക്കിൽനിന്ന് നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഉടൻ എച്ച്‍എസ്ആർ ലേഔട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേന്ദ്ര ഏജൻസിയുടെ നിരന്തര വേട്ടയാണ്‌ രാജ്യത്തെ വ്യവസായ ശൃംഖലയെ ഞെട്ടിച്ച ആത്മഹത്യക്ക്‌ കാരണം. കഴിഞ്ഞ ആഴ്‌ച ബംഗളൂരുവിൽ കോൺഫിഡന്റ് ഗ്രൂപ്പ് 700 കോടിയുടെ ഭൂമി വില്പന നടത്തിയെന്നും പണം കേരളത്തിലെ പദ്ധതികളിൽ നിക്ഷേപിക്കാനിരിക്കെ ബിജെപി നേതൃത്വം വൻതുക ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനുള്ള സമ്മർദത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന ആക്ഷേപവും ബംഗളൂരുവിലെ വ്യവസായ വൃത്തങ്ങളിലുണ്ട്‌.


മൂന്ന് ദിവസമായി കേരളത്തിൽനിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥരാണ്‌ റെയ്ഡ് നടത്തുന്നത്‌. ഉച്ചയോടെയാണ് റോയ്‍ ഓഫീസിലെത്തിയത്. നിരന്തര പരിശോധനകൾക്കെതിരെ അപ്പലറ്റ് ട്രൈബ്യൂണലിലും കർണാടക ഹൈക്കോടതിയിലും കോൺഫിഡന്റ് ഗ്രൂപ്പ് നിയമപോരാട്ടം നടത്തുന്നുണ്ട്. ഡിസംബറിലും റെയ്ഡ് നടത്തിയിരുന്നു.


തൃശൂർ സ്വദേശിയായ ഡോ. സി ജെ റോയ് 2006ൽ ആണ് കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപിക്കുന്നത്. ബംഗളൂരുവിലും കേരളത്തിൽ വിവിധയിടങ്ങളിലും ഗൾഫ് രാജ്യങ്ങളിലുമടക്കം നൂറിലേറെ റിയൽ എസ്റ്റേറ്റ് പദ്ധതികളിലായി വൻനിക്ഷേപമുണ്ട്. മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളായ കാസനോവ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയുടെ നിർമാതാവാണ്‌. ഭാവനയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം അനോമി നിർമിച്ചതും റോയിയാണ്‌. നിരവധി ടെലിവിഷൻ ഷോകളും സ്‍പോൺസർ ചെയ്‌തു. സ്ലോവാക് റിപ്പബ്ലിക്കിന്റെ ഓണററി കോൺസൽ കൂടിയായിരുന്നു.  ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമായിരുന്നു. കേരളത്തിൽ പ്രളയപുനരധിവാസത്തിന്റെ ഭാഗമായി വീടുകൾ നിർമിച്ചുനൽകി.​ സ്വിറ്റ്സർലൻഡിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്‌ടറേറ്റ് നേടി. ബഹുരാഷ്‌ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് വ്യവസായത്തിറങ്ങിയത്. ഭാര്യ: ലിനി റോയ്, മക്കൾ: രോഹിത്, റിയ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home