Deshabhimani

'ഇനിയും എത്ര പേടിപ്പിക്കും? പേടി തന്നെ ഇല്ലാതാകും'; ശരീരത്തിലെ മർദനപ്പാടുകൾ കാട്ടി സെയ്ൻ മെരി ഖാൻ

zain marie khan.
വെബ് ഡെസ്ക്

Published on Oct 12, 2026, 02:46 PM | 1 min read

മുംബൈ: 'ഇനിയും ഞങ്ങളെ എത്ര പേടിപ്പിക്കും? ഒടുവിൽ പേടി തന്നെ ഇല്ലാതാകും' - പൊലീസ് കസ്റ്റഡിക്കുപിന്നാലെ ശരീരത്തിലേറ്റ പരിക്കുകളുടെ പാടുകൾ വെളിപ്പെടുത്തി നടി സെയ്ൻ മെരി ഖാൻ. കൈകളിലും വിരലുകളിലും കാലുകളിലുമുള്ള പരിക്കുകളുടെ പാടുകൾ കാണിച്ചാണ് ആമിർ ഖാന്റെ സഹോദരപുത്രി കൂടിയായ സെയ്ൻ മെരി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്. 'ഡെമോക്രാറ്റിക് ഫിറ്റ് ചെക്ക്' എന്ന തലക്കെട്ടോടെയുള്ള വീഡിയോയിൽ ഭരണകൂടത്തിന്റെ ഭീഷണികൾക്കു മുന്നിൽ ഭയന്ന് പിന്മാറില്ലെന്ന സന്ദേശമാണ് താരം നൽകുന്നത്.


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശനിയാഴ്ച മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് എത്തിയപ്പോഴാണ് സെയ്ൻ മെരി ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നടൻ ഇമ്രാൻ ഖാൻ, ലേഖ വാഷിങ്ടൺ എന്നിവരെയും ഒപ്പം കസ്റ്റഡിയിലെടുത്തിരുന്നു. മണിക്കൂറുകൾക്കുശേഷമാണ് മൂന്നുപേരെയും വിട്ടയച്ചത്. കസ്റ്റഡിയിൽ നേരിട്ട അനുഭവങ്ങൾ നേരത്തേയും സെയ്ൻ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.



എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് ആവർത്തിച്ച് ചോദിച്ചിട്ടും പൊലീസ് വ്യക്തമായ മറുപടി നൽകിയില്ലെന്നും തങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അറിയിച്ചില്ലെന്നും സെയ്ൻ വെളിപ്പെടുത്തിയിരുന്നു. പൊലീസ് വാഹനത്തിനുള്ളിൽനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം വിളിക്കുകയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. കസ്റ്റഡിയിൽനിന്ന് വിട്ടയച്ചശേഷവും വീട്ടിലേക്ക് മടങ്ങാൻ വാഹനം ലഭിക്കുന്നത് പൊലീസ് തടസ്സപ്പെടുത്തിയതായി ലേഖ വാഷിങ്ടണും വെളിപ്പെടുത്തിയിരുന്നു.


ശരീരത്തിലെ മർദനപ്പാടുകൾ ഓരോന്നായി ക്യാമറയ്ക്ക് മുന്നിൽ കാണിച്ചശേഷമാണ് ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനാകില്ലെന്ന സന്ദേശം നൽകിയത്. 'ഭരണകൂടത്തെ ഇന്റർനെറ്റിലൂടെ തുറന്നുകാട്ടുന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home