Deshabhimani

പ്രക്ഷോഭങ്ങൾക്കിടെ ഇലക്ഷൻ കമ്മീഷനിൽ പുതിയ നിയമനം:വിവാദ തസ്തികയിൽ ഡെപ്യൂട്ടി കമ്മീഷണ‍ർ

vote chori
വെബ് ഡെസ്ക്

Published on Oct 12, 2026, 03:33 PM | 3 min read

ന്യൂഡൽഹി:തെരഞ്ഞെടുപ്പ് കമ്മീഷനിലെ അധികാരശ്രേണിയും ഫയൽ നീക്കവും അട്ടിമറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യം നടപ്പാക്കുന്ന സംവിധാനമാക്കി മാറ്റിയതിൽ ആരോപണം നേരിട്ട വിവാദ തസ്തികയിൽ തിരക്കിട്ട നിയമനം. പുതിയ ഡപ്യൂട്ടി ഇലക്ഷൻ കമ്മീഷണറായി രാജസ്ഥാൻ കേഡര്‍ സിവിൽ സര്‍വീസ് ഉദ്യോഗസ്ഥനായ പ്രകാശ് രാജ് പുരോഹിതിനെ നിയമിച്ചു. അപ്പോയിന്റ്മെന്റ്സ് കമ്മിറ്റി ഓഫ് ദി ക്യാബിനറ്റ് തീരുമാന പ്രകാരമാണിത്.


വോട്ടര്‍ പട്ടികകളുടെയും ഐ ടി വിഭാഗങ്ങളുടെയും ചുമതലയുണ്ടായിരുന്ന സഞ്ജയ് കുമാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാതൃ കേഡറിലേക്ക് തിരിച്ചു പോയതിന് പിന്നാലെ ഒഴിച്ചിട്ടിരുന്ന തസ്തികയാണ്. രാജ്യത്ത് സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപ്പാക്കുന്നതിനുള്ള 2025 ജൂണിലെ നിര്‍ണായക ഉത്തരവിൽ ഒപ്പവെച്ച ഉദ്യോഗസ്ഥനാണ് ഒഴിവാക്കപ്പെട്ട സജ്ഞയ് കുമാര്‍. ഇദ്ദേഹത്തെ കേഡര്‍ താഴ്ത്തി പ്രധാന ഫയലുകൾ കാണാൻ അവസരം നൽകാത്ത നിലയിൽ ‍‍ഡപ്യൂട്ടി കമ്മീഷണര്‍ സ്ഥാനത്ത് ഇരുത്തിയും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷര്‍ക്ക് കീഴിൽ ഐടി വിഭാഗം മേധാവി ഡോ. സീമാ ഖന്നയിലേക്ക് അധികാരം കേന്ദ്രീകരിച്ചുമാണ് ഇപ്പോൾ വിവാദമായ പല തീരുമാനങ്ങളും അട്ടിമറികളും നടത്തിയത്.


അട്ടിമറികൾ ചൂണ്ടികാട്ടി ഇലക്ഷൻ കമ്മീഷണർമാരായ എസ് സന്ധുവും വിവേക് ജോഷിയും കാബിനറ്റ് സെക്രട്ടറിക്ക് കത്തെഴുതിയതിൽ ഈ തരംതാഴ്ത്തൽ വിഷയം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇലക്ഷൻ കമ്മീഷനെ നിയമിക്കുന്ന സമിതിയിൽ നിന്നും ചീഫ് ജസ്റ്റീസിനെ മാറ്റി പകരം കേന്ദ്ര കാബിനറ്റ് മന്ത്രിയെ കൊണ്ടുവന്ന നിയമ ഭേദഗതിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നിയമ വിരുദ്ധ ഇടപെടലുകളുടെ ഘട്ടത്തിലാണ് സജ്ഞയ് കുമാറിന് പുറത്ത് പോകേണ്ടി വന്നത്. എസ്ഐആര്‍ ഉത്തരവിൽ ഒപ്പുവെച്ച ഉദ്യോഗസ്ഥനായിരുന്നിട്ടും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.


prakashraj purohitപ്രകാശ് രാജ് പുരോഹിത്

എന്തായിരുന്നു തസ്തികയിലെ അട്ടിമറി


സിവിൽ സര്‍വ്വീസ് ഉദ്യോഗസ്ഥരെ ചൊൽപ്പടിക്കു നിര്‍ത്തുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ പതിവാക്കിയ പതിവ് തരംതാഴ്ത്തൽ തന്ത്രമാണ് ഇവിടെയും പ്രയോഗിച്ചത്. 2025 ലാണ് ഫോം 6 അട്ടിമറിയിൽ ഉൾപ്പെടെ ആരോപണ വിധേയമായ ഡോ. സീമാഖന്നയെ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പ്രവര്‍ത്തനങ്ങൾക്ക് അകത്തേക്ക് ഡെപ്യൂട്ടേഷനിൽ കൊണ്ടു വരുന്നത്. കമ്മീഷന്റെ ഐടി വിഭാഗം മേധാവിയായ അവര്‍ വോട്ടര്‍ പട്ടിക നിര്‍ണയ സോഫ്ട് വെയര്‍ ഉൾപ്പെടെ ഡിജിറ്റൽ സംവിധാനങ്ങളുടെ മുഴുവൻ അധിപതിയായി മാറ്റപ്പെട്ടു.


ഇതിനിടയിൽ അവരിലേക്ക് അധികാരം കേന്ദ്രീകരിക്കാൻ അഡീഷണൽ സെക്രട്ടറി പദവിക്ക് തുല്യമായ ലെവൽ 15 റാങ്കിലേക്ക് പ്രമോഷൻ കൂടി നൽകി. അതുവരെ സീമാഖന്നയിലേക്ക് എത്തേണ്ട ഫയലുകൾ മുഴുവൻ സഞ്ജയ് കുമാര്‍ വഴിയാണ് കടന്നു പോയിരുന്നത്. ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ലെവൽ 14 ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇതിനെ മറികടക്കാനും ഫയലുകൾ നേരിട്ട് സീമ ഖന്നയിലേക്ക് തന്നെ എത്തിക്കാനുമായിരുന്നു അവരുടെ പ്രമോഷൻ.


sanjay kumarസജ്ഞയ് കുമാര്‍, മുൻ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണര്‍


മാത്രമല്ല പ്രമോഷൻ നൽകിയതിന് പിന്നാലെ മുതിര്‍ന്ന ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗ് ഇടപെട്ട് ഇനിമുതൽ സഞ്ജയ് കുമാര്‍ ഫയലുകളും തീരുമാനങ്ങളും അറിയേണ്ടതില്ല എന്നും നേരിട്ട് സീമാ ഖന്നയ്ക്ക് അയച്ചാൽ മതി എന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതോടെ മനംമടുത്ത സഞ്ജയ് കുമാര്‍ മാതൃ കേഡറിലേക്ക് മാറിപ്പോയി. അവസരം മുതലാക്കി മനീഷ് ഗാര്‍ഗ് ആ സ്ഥാനവും അധികാരവും കൂടി കയ്യാളുകളുകയും ചെയ്തു.


കേന്ദ്രസര്‍ക്കാര്‍

ഒരുക്കി നൽകിയ അവസരം


ഈ അട്ടമറിയോടെയാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ (ERO) സോഫ്റ്റ്‌വെയർ പ്രവേശനം തടയപ്പെടുകയും ഫോം സിക്സ് വഴിയുള്ള വോട്ടര്‍മാരുടെ സ്വയം റജിസ്ട്രേഷൻ അവസരം പ്രത്യേക മാൻഡേറ്ററി ചോദ്യം വെച്ച് തടയപ്പെടുകയും ചെയ്തത്. ഉദ്യോഗസ്ഥര്‍ക്ക് ഇടയിലെ പ്രമോഷൻ തര്‍ക്കം എന്നതിനപ്പുറം ഇത് വോട്ടര്‍പട്ടിക തന്നെയും അട്ടിമറിക്കാനുള്ള സംഘടിത നീക്കമായിരുന്നു എന്ന് ഇതര രണ്ട് കമ്മീഷര്‍മാരുടെയും വിയോജിപ്പുകൾ പുറത്തെത്തിയതോടെ വ്യക്തമായി.

msമനീഷ് ഗാര്ഗ് സീമ ഖന്ന

സഞ്ജയ് കുമാര്‍ കലാവധി പൂര്‍ത്തിയാക്കാതെ മാതൃ കേഡറിലേക്ക് തിരികെ പോയതോടെ അദ്ദേഹത്തിന്റെ ലിങ്ക് ഓഫീസര്‍ എന്ന പദവിയും വിവാദ വ്യക്തി മനീഷ് ഗാര്‍ഗിലേക്ക് എത്തി. ഡോ. സീമഖന്നയിലേക്ക് ചാനൽ വെട്ടി. ഇവയെല്ലാം എല്ലാം മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ മുകളിൽ നിന്നും പറയുന്നത് അനുസരിച്ച് നേരിട്ട് നിയന്ത്രിച്ച എന്ന ചിത്രമാണുള്ളത്.


പേര് ഐടി വൽക്കരണം

ഫലത്തിൽ സര്‍ക്കാര്‍ കയ്യടക്കൽ


ഇതോടെ സാങ്കേതിക മികവ് വര്‍ധിപ്പിക്കുന്നതിന്റെ പേരിൽ നിയമം മറികടന്ന് ഇലക്ട്രൽ റജിസ്ട്രേഷൻ ഓഫീസര്‍മാര്‍ ഉൾപ്പെടെ താഴെ തട്ടിലുള്ള സ്വതന്ത്രാധികാരം മുഴുവൻ കേന്ദ്രീകരിക്കപ്പെട്ടു. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളാണ് ECINet, ERONet എന്നിവ. ഇവ ഉൾപ്പെടെ 40 ൽ അധികം ആപ്പുകളും പോര്‍ട്ടലുകളും സംയോജിപ്പിച്ച് സീമാഖന്നയിടെ നേതൃത്വത്തിൽ 2026 ജനുവരി 22-ന് ECINet ഏകോപിപ്പിച്ചു.


സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കാൻ എന്നായിരുന്നു അവരുടെ വിശദീകരണം. പ്രാദേശിക തലത്തിലുള്ള സകല ഉദ്യോഗസ്ഥരുടെയും തീരുമാനങ്ങളെ ഒരു കേന്ദ്രത്തിലേക്ക് കൊണ്ടു വന്ന് കൈപ്പിടിയിലാക്കി. ഓരോയിടത്തും മുകളിൽ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് വോട്ട് ചേര്‍ക്കാനും വെട്ടാനും കഴിയുന്ന സംവിധാനമാക്കി ഇതിനെ മുഴുവനും മാറ്റി. 1950-ലെ ജനപ്രാതിനിധ്യ നിയമവും 1960-ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് ചട്ടങ്ങളും അനുസരിച്ച് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നിയമപരമായ ഉത്തരവാദിത്വം ഇആർഒമാർക്കാണ്.


പ്രകാശ് രാജ് പുരോഹിതിന്റെ വരവ്


കമ്മീഷനിലെ ചുമതലകളിൽ പുനസംഘടന നടക്കുന്നു എന്നു വരുത്തി തീര്‍ക്കേണ്ടത് ഈ ഘട്ടത്തിൽ അത്യാവശ്യമായിരിക്കയാണ്. കേസ് സുപ്രീം കോടതിയിലും കിടക്കുന്നു. സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നീ രണ്ട് ഇലക്ഷൻ കമ്മീഷര്‍മാര്‍ ഉന്നയിച്ച് സംശയങ്ങൾ ജനങ്ങളും ഏറ്റെടുത്തിരിക്കുന്നു. അവര്‍ കാര്യങ്ങൾ പഠിക്കയും ഏകാധിപത്യ രീതിയിൽ നടപ്പാക്കിയ അട്ടിമറികൾക്ക് എതിരെ വലിയ പ്രക്ഷോഭം രൂപപ്പെടുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പിടിച്ചു നിൽക്കാനുള്ള നീക്കം എന്ന നിലയ്ക്ക് നിയമന പ്രഖ്യാപനം വന്നിരിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home