ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയവർ കേരളം വിടുന്നു; ഇതെന്ത് വൈബാണ്: മുഹമ്മദ് മുഹ്സിൻ

ഒ ജെ ജെനീഷ്, മുഹമ്മദ് മുഹ്സിൻ
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽനേടിയ മലയാളിതാരങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കെതിരെ മുഹമ്മദ് മുഹ്സിൻ എംഎൽഎ. താരങ്ങൾ കേരളം വിടാനൊരുങ്ങുന്ന സന്ദർഭം അപമാനകരമാണ്. ഇതൊക്കെ എന്ത് തരം വൈബാണ്? - നിയമസഭയിൽ മുഹ്സിൻ ചോദിച്ചു.
ഇന്ത്യയിൽ ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സ്കൂൾ കായികമേള നടത്തിയ സംസ്ഥാനമാണ് കേരളം. രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനമാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ കാഴ്ചവെച്ചത്. അന്ന് കായികമേളയിൽ പങ്കെടുത്തിരുന്ന കുട്ടികൾ പട്ടിണികിടക്കേണ്ടി വന്നിരുന്നില്ല. ഇന്നിപ്പോൾ കായികമേളയുടെ വേദികൾ ഇടിഞ്ഞുവീണു. സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് ബിരിയാണിപോലുമുണ്ടായിരുന്ന അവസ്ഥമാറി ഇന്നിപ്പോൾ എന്തെങ്കിലും കിട്ടിയാൽ മതിയെന്ന സ്ഥിതിയായെന്നും മുഹ്സിൻ പറഞ്ഞു.
ഇന്ത്യയുടെ ലോങ് ജമ്പ് താരങ്ങളായ ആൻസി സോജനും എം ശ്രീശങ്കറും സംസ്ഥാന സർക്കാരിന്റ അവഗണനയിൽ പ്രതികരിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങൾ അവരുടെ താരങ്ങൾക്ക് പ്രഖ്യാപിച്ച പാരിതോഷികം നൽകി. കേരളം മാത്രമാണ് ഇതുവരെ നൽകാത്തത്. മെഡൽ നേടിയശേഷം മുഖ്യമന്ത്രിയോ കായികമന്ത്രിയോ വിളിച്ചിരുന്നില്ലെന്നും ഇരുവരും പരാതിപ്പെട്ടു. കേരളത്തിൽ തുടരണോ എന്ന് ചിന്തിക്കുകയാണെന്നും മറ്റ് സംസ്ഥാനങ്ങൾ വന്പൻ ഓഫറുകൾ നൽകി വിളിക്കുന്നുണ്ടെന്നും ആൻസിയും ശ്രീശങ്കറും പറഞ്ഞു.
ഇരുതാരങ്ങളെയും സ്വന്തമാക്കാൻ തമിഴ്നാട് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങൾ ശ്രമം തുടങ്ങിയിട്ടുണ്ട്. ഒളിമ്പിക്സ് ലക്ഷ്യമിട്ട് പരിശീലനം നടത്തുന്നതിന് വലിയ സാമ്പത്തിക സഹായം ആവശ്യമാണ്. കേരളത്തിൽനിന്ന് അത്തരത്തിലുള്ള പിന്തുണയൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏഷ്യൻ ഗെയിംസിൽ സ്വർണംനേടുന്ന മലയാളികൾക്ക് 50 ലക്ഷം, വെള്ളിനേടുന്നവർക്ക് 30 ലക്ഷം, വെങ്കലം നേടുന്നവർക്ക് 20 ലക്ഷം എന്നിങ്ങനെ നൽകുമെന്ന് കായിക മന്ത്രി ഒ ജെ ജെനീഷ് പ്രഖ്യാപിച്ചിരുന്നെങ്കിലും പാലിച്ചില്ല. മെഡൽനേടി കേരളത്തിന്റെ അഭിമാന താരങ്ങൾ നാട്ടിലെത്തിയിട്ടും ഒൗദ്യോഗീക സ്വീകരണംപോലും ഒരുക്കാതെ കായികവകുപ്പ് അവഗണിക്കുകയാണ്.









0 comments