വിവാഹത്തിന് പിന്നാലെ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്ക് വിഷം നൽകി; സ്വർണവുമായി ഒളിച്ചോടി നവവധുവും വനിതാ സുഹൃത്തും

നാസിക്: വിവാഹത്തിന് പിന്നാലെ കുടുംബാംഗങ്ങൾക്ക് വിഷം നൽകിയ ശേഷം ഒഴിച്ചോടിയ നവവധു പിടിയിൽ. മഹാരാഷ്ട്ര ജൽഗാവിലെ പരോള താലൂക്കിലാണ് സംഭവം. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം കുടുംബാംഗങ്ങൾക്ക് വിഷം നൽകിയ ശേഷം സ്വർണവും പണവുമായി കടന്നുകളയാൻ ശ്രമിച്ച രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുപതുകാരികളായ ജാർഖണ്ഡിൽ നിന്നുള്ള സുമൻ സഹാനി , ചത്തീസ്ഗഡിൽ നിന്നുള്ള ആർതി പട്ടേൽ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ബന്ധുക്കളാണ്. വെൽഹാനെ ഗ്രാമത്തിലെ വാത്മേക്ക് പാട്ടീൽ (32) എന്നയാളുമായി സുമന്റെ വിവാഹം ഒക്ടോബർ 7നാണ് നടന്നത്. ഒരു ഇടനിലക്കാരൻ വഴിയാണ് 2.5 ലക്ഷം രൂപ നൽകി വിവാഹം ഉറപ്പിച്ചത്. ചടങ്ങുകൾക്കായി ആർതിയും ഒപ്പമുണ്ടായിരുന്നു.
ഒക്ടോബർ 9ന് രാത്രി, കുടുംബാംഗങ്ങൾ കഴിച്ച അത്താഹത്തിൽ പ്രതികൾ വിഷം കലർത്തി. വാത്മേക്ക്, അദ്ദേഹത്തിന്റെ അച്ഛൻ, അമ്മ എന്നിവർ ഭക്ഷണം കഴിക്കുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. കുടുംബാംഗങ്ങൾ അവശനിലയിലായതോടെ ഒക്ടോബർ 10ന് പുലർച്ചെ 4 മണിയോടെ രണ്ട് യുവതികളും ഒരു വാഹനം ഏർപ്പാടാക്കി ഗ്രാമത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞയുടൻ പരോള പൊലീസ് നടത്തിയ തിരച്ചിലിൽ ധുലെ ജില്ലയിലെ നിംഗുൽ ഗ്രാമത്തിൽ വെച്ച് പ്രതികളെ പിടികൂടി. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ അന്തർസംസ്ഥാന വ്യാജ വിവാഹ റാക്കറ്റാണോ പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.









0 comments