'ഇനി രാജ്യം മുഴുവൻ ജന്തർ മന്തറാകും'; കേന്ദ്ര നടപടിക്കെതിരെ സിജെപി

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിനെ പ്രതിഷേധങ്ങൾക്കുള്ള ഔദ്യോഗിക വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സിജെപി. സർക്കാരിന്റെ ഈ നടപടി ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ആരോപിച്ചു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരും തീരുമാനത്തെ രൂക്ഷമായി വിമർശിച്ചു.
"അവർ ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഭീരുവായ ഏകാധിപതി നേരത്തെ തന്നെ അതിനെ ഒരു യുദ്ധക്കളമാക്കി മാറ്റിയിരുന്നു. ഇനി രാജ്യം മുഴുവൻ ജന്തർ മന്തറായി മാറും. ഈ തീരുമാനം ജനാധിപത്യ സ്വാതന്ത്ര്യത്തിന് നേരെയുള്ള വലിയൊരു ഭീഷണിയാണെന്നും, "ഇന്ന് മോദി ജന്തർ മന്തറിനെ ഒഴിവാക്കി, നാളെ അദ്ദേഹം ജനാധിപത്യത്തെത്തന്നെ റദ്ദാക്കും" - അഭിജിത് ദീപ്കെ 'എക്സിൽ കുറിച്ചു.
സമാധാനപരമായി ഒത്തുചേരാനുള്ള പൗരന്മാരുടെ അവകാശത്തിന്മേലുള്ള ആക്രമണമാണിതെന്ന് സൗരവ് ദാസ് ചൂണ്ടിക്കാട്ടി. "നരേന്ദ്ര മോദിക്ക് എന്തുകൊണ്ടാണ് ജന്തർ മന്തറിനെ പേടി? ജന്തർ മന്തർ ഇന്ത്യയിലെ ജനങ്ങളുടേതാണ്," എന്ന് സൗരവ് ദാസ് പറഞ്ഞു.
ജന്തർ മന്തറിന് പകരം നൽകിയ പുതിയ വേദികളെ പരിഹസിച്ചുകൊണ്ട്, "എങ്കിൽ പിന്നെ മൗണ്ട് എവറസ്റ്റ് പ്രതിഷേധ വേദിയായി പ്രഖ്യാപിച്ചുകൂടേ?" എന്ന് അശുതോഷ് റങ്ക ചോദിച്ചു.
തിങ്കളാഴ്ചയാണ് ഡൽഹി പൊലീസ് ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പകരം രാംലീല ഗ്രൗണ്ട്, ബുരാരി ഗ്രൗണ്ട്, കിഴക്കൻ ഡൽഹിയിലെ സിബിഡി ഗ്രൗണ്ട് തുടങ്ങിയ മൂന്ന് പുതിയ സ്ഥലങ്ങൾ ഉൾപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതിയുടെ ശുപാർശ പ്രകാരമാണ് ഈ നടപടിയെന്ന് ഡൽഹി പൊലീസ് കമ്മീഷണർ അനുരാഗ് കുമാർ പുറപ്പെടുവിച്ച നോട്ടീസിൽ പറയുന്നു.









0 comments