Deshabhimani

പുതിയ ഫോം 6-ന് സുപ്രീം കോടതി അംഗീകാരം നൽകിയിട്ടില്ല; മാറ്റങ്ങൾ വരുത്തിയത് ആരെന്ന് പരിശോധിക്കും

Supreme Court
വെബ് ഡെസ്ക്

Published on Oct 12, 2026, 03:41 PM | 1 min read

ന്യൂഡൽഹി: പുതിയ വോട്ടർ രജിസ്‌ട്രേഷനായി ഉപയോഗിക്കുന്ന ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ സുപ്രീം കോടതി അംഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഫോമിന്റെ സാധുത സംബന്ധിച്ച് കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മാറ്റങ്ങൾ വരുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുമെന്നും ബെഞ്ച് അറിയിച്ചു.


പുതിയ വോട്ടർ രജിസ്‌ട്രേഷനായി അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ പഴയ വോട്ടർപട്ടികയിലെ വിവരങ്ങളോ അല്ലെങ്കിൽ 2002-ലെ വോട്ടർപട്ടികയുമായുള്ള ബന്ധമോ വ്യക്തമാക്കുന്ന അധിക സത്യവാങ്മൂലം സമർപ്പിക്കണമെന്ന നിബന്ധനയാണ് വിവാദത്തിന് കാരണമായത്.


ബിഹാറിലെ എസ്ഐആർ സംബന്ധിച്ച വിധി പുറപ്പെടുവിച്ച സമയത്ത് പുതിയ ഫോം 6 നിലവിലുണ്ടായിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ, ആ വിധിയിലൂടെ പുതിയ ഫോമിന് സുപ്രീം കോടതി അംഗീകാരം നൽകിയെന്ന വാദം ശരിയല്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.


ഫോമിൽ മാറ്റങ്ങൾ വരുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി കോടതി നോട്ടീസ് അയച്ചു. പുതിയ വ്യവസ്ഥകൾ ആരുടെ നിർദേശപ്രകാരമാണ് ഉൾപ്പെടുത്തിയതെന്ന കാര്യവും പരിശോധിക്കും.


വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ മറ്റ് ഹർജികൾക്കൊപ്പം ഈ മാസം 27-ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home