Deshabhimani

എണ്ണക്കമ്പനികൾക്ക് നേരിട്ട് ഡോളർ നൽകും; രൂപയെ പിടിച്ചുനിർത്താൻ ആർബിഐ

RBI
വെബ് ഡെസ്ക്

Published on Oct 12, 2026, 04:24 PM | 2 min read

ന്യൂഡൽഹി : ഡോളറിനെതിരെ തുടർച്ചയായ സമ്മർദം നേരിടുന്ന രൂപയുടെ മൂല്യം സ്ഥിരപ്പെടുത്താൻ പുതിയ നടപടികളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എന്നാൽ രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമാകുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ നയപരമായ ഇടപെടലുകൾ ആവശ്യമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. രൂപയെ പിടിച്ചുവെക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഡോളർ നേരിട്ട് ലഭ്യമാക്കാനുള്ള പ്രത്യേക സംവിധാനം, വിദേശനാണ്യ ഇടപാടുകളിലെ നിയന്ത്രണങ്ങൾ കർശനമാക്കൽ തുടങ്ങിയ നടപടികളാണ് ആർബിഐ സ്വീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ രൂപ ഡോളറിനെതിരെ 97 പൈസ ഉയർന്ന് 95.76 നിലവാരത്തിൽ വ്യാപാരം ആരംഭിച്ചു.


ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ), ഭാരത് പെട്രോളിയം (ബിപിസിഎൽ) എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രതിദിന ഡോളർ ആവശ്യകത നിറവേറ്റാൻ ഒക്ടോബർ 12 മുതൽ പ്രത്യേക സംവിധാനം ആ‌ർബിഐ ഏർപ്പെടുത്തിയിട്ടുണ്ട്. നിയുക്ത ബാങ്കുകൾ മുഖേന ആർബിഐ നേരിട്ട് ഡോളർ നൽകുന്നതാണ് പദ്ധതി. എണ്ണക്കമ്പനികളുടെ ഡോളർ ആവശ്യകത നിറവേറ്റാൻ പ്രതിമാസം ഏകദേശം 11–12 ബില്യൺ ഡോളർ വിപണിയിൽ നിന്ന് ആർബിഐയുടെ പ്രത്യേക സംവിധാനത്തിലേക്ക് മാറ്റാനാകുമെന്നാണ് കണക്ക്. ഇതിലൂടെ വിദേശനാണ്യ വിപണിയിലെ ഡോളറിനുള്ള ആവശ്യം കുറയ്ക്കാനും രൂപയ്ക്കുമേലുള്ള സമ്മർദം ലഘൂകരിക്കാനും സാധിക്കുമെന്നാണ് ആർബിഐ പ്രതീക്ഷിക്കുന്നത്.


ആർബിഐയുടെ നടപടികൾ വിപണിയിലെ ഡോളർ ആവശ്യകത കുറയ്ക്കുമെങ്കിലും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പിന്നിലുള്ള പ്രധാന കാരണങ്ങൾ ഇതൊന്നുമല്ല. ഉയർന്ന ക്രൂഡ് ഓയിൽ വില, വിദേശ നിക്ഷേപങ്ങളുടെ പുറത്തേക്കുള്ള ഒഴുക്ക്, ആഗോള ബോണ്ട് യീൽഡുകളിലെ വർധന, ഇന്ത്യയുടെ സാമ്പത്തിക സന്തുലിതാവസ്ഥയിലെ ദുർബലത എന്നിവ രൂപയ്ക്ക് മേൽ സമ്മർദം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദേശനാണ്യ വിപണിയിലെ ഇടപെടലുകൾ മാത്രം ദീർഘകാല പരിഹാരമാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രൂപയുടെ മൂല്യം വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ക്രമാനുഗതമായി മാറാൻ അനുവദിക്കുക, കടമെടുത്ത നിക്ഷേപങ്ങളെക്കാൾ സ്ഥിരതയുള്ള വിദേശ മൂലധന വരവ് വർധിപ്പിക്കുക, ഇറക്കുമതി ചെയ്യുന്ന എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുക തുടങ്ങിയ നടപടികളാണ് രൂപയെ പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാർ എടുക്കേണ്ടത്.


അതോടൊപ്പം സ്വകാര്യ നിക്ഷേപം വർധിപ്പിക്കുക, ഉല്പാദന മേഖലയിലെ മത്സരശേഷി മെച്ചപ്പെടുത്തുക, വിദേശ നിക്ഷേപകരുടെ വിശ്വാസം ശക്തിപ്പെടുത്തക എന്നിവയും നിർണായകമാണ്. ആർബിഐയുടെ പുതിയ നിയന്ത്രണങ്ങൾ രൂപയ്ക്ക് ആശ്വാസം നൽകുമോ എന്നതിനൊപ്പം, അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർ​ഗങ്ങളും മുന്നോട്ട് വക്കേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home