Deshabhimani

അമേരിക്കയുടെ മറുപടി തൃപ്തികരമല്ല; ഏഴ് വ്യവസ്ഥകളിൽ ഉറച്ച് ഇറാൻ

US Iran
വെബ് ഡെസ്ക്

Published on Oct 12, 2026, 03:51 PM | 1 min read

തെഹ്‌റാൻ : പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവു കൊണ്ടുവരുന്നതിന് ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ടുവച്ച ഏഴ് വ്യവസ്ഥകളിൽ അമേരിക്ക നൽകിയ മറുപടിയിൽ തൃപ്തരല്ലെന്ന് ഇറാൻ. അമേരിക്ക ചില വ്യവസ്ഥകൾ അംഗീകരിച്ചെങ്കിലും മറ്റുചില കാര്യങ്ങളിൽ വ്യക്തത വരുത്തിയിട്ടില്ലെന്ന് ഇറാൻ സുരക്ഷാ മേധാവി മൊഹ്സെൻ റെസായി വ്യക്തമാക്കി. അമേരിക്ക ഈ വ്യവസ്ഥകൾ പൂർണമായി അംഗീകരിക്കുന്നതുവരെ കടലിടുക്ക് തുറക്കില്ലെന്നും ചർച്ചകൾ പുനരാരംഭിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇറാൻ.


ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിനിടെ ഇറാൻ മുന്നോട്ടുവച്ച നിർദേശത്തിന് ഖത്തർ വഴി അമേരിക്ക മറുപടി നൽകിയിരുന്നു. ഏഴ് വ്യവസ്ഥകളും അംഗീകരിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ കടലിടുക്കിലൂടെയുള്ള സാധാരണ കപ്പൽഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ഇറാൻ നേരത്തെ അറിയിച്ചിരുന്നു. ഇറാന്റെ ആണവപദ്ധതി ആദ്യം ചർച്ച ചെയ്യണമെന്നാണ് അമേരിക്കയുടെ നിലപാട്. എന്നാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നതും അവിടത്തെ സുരക്ഷ പുനഃസ്ഥാപിക്കുന്നതുമാണ് ഇപ്പോഴത്തെ മുൻഗണനയെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.


അമേരിക്കയുടെ നിർദേശങ്ങൾ മുൻ നിലപാടുകൾ ആവർത്തിക്കുന്നതാണെന്നും ആണവ വിഷയത്തിൽ ഇപ്പോൾ ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായിയും പറഞ്ഞു. ആണവായുധ നിരീക്ഷണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ സംവിധാനവുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് പകരമായി ഉപരോധ ഇളവുകൾ വാഗ്ദാനം ചെയ്തെന്ന റിപ്പോർട്ടുകളും ഇറാൻ നിഷേധിച്ചു.


അമേരിക്കയുടെ മറുപടി തൃപ്തികരമല്ലെന്ന് ഇറാൻ സുരക്ഷാ മേധാവി വ്യക്തമാക്കിയെങ്കിലും, വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് അനുസരിച്ച് അമേരിക്കയ്ക്ക് മറുപടി നൽകിയിട്ടില്ല. നിർദേശങ്ങൾ പരിശോധിച്ചുവരികയാണെന്നും പരിശോധന പൂർത്തിയായശേഷം മധ്യസ്ഥർ വഴി മറുപടി കൈമാറുമെന്നും ബഗായി അറിയിച്ചു. ഖത്തറും പാകിസ്ഥാനും ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കുന്നത്.


ലോകത്തിലെ പ്രധാന എണ്ണ ​വിതരണ പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ഫെബ്രുവരി 28ന് അമേരിക്ക-ഇസ്രയേൽ സഖ്യം ഇറാനെതിരെ സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് ആ​ഗോള എണ്ണ വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഈ പാതയിലൂടെയായിരുന്നു കടന്നുപോയിരുന്നത്. കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം തടസപ്പെടുന്നത് ആഗോള ഊർജ വിതരണത്തെയും എണ്ണവിലയെയും സാരമായി ബാധിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home