'ഗ്യാനേഷ് കുമാറിനെ പുറത്താക്കണം'; നിയമസഭയിൽ പ്രമേയം പാസാക്കി

തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കി. മുഖ്യമന്ത്രി വി ഡി സതീശനാണ് പ്രമേയം അവതരിപ്പിച്ചത്. എല്ലാ യുഡിഎഫ്-എൽഡിഎഫ് അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. മൂന്ന് ബിജെപി അംഗങ്ങൾ എതിർത്തു. ആദ്യമായാണ് ഒരു നിയമസഭ തെരഞ്ഞെടുപ്പ് കമീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നത്.
തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യമാക്കുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ പരാജയപ്പെട്ടു. കമീഷന്റെ വിശ്വാസ്യത തകർന്നു. തീവ്ര വോട്ടർപട്ടിക പുനഃപരിശോധനയിലെ അപാകത കാരണം അർഹരായ നിരവധി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യപ്പെട്ടു. അവരുടെ ജനാധിപത്യപരമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷൻ ഭരണകൂടത്തിന് കീഴ്പ്പെടുന്ന സ്ഥിതിയാണുള്ളത്. തെരഞ്ഞെടുപ്പ് കമീഷണർമാരെ തെരഞ്ഞെടുക്കുന്ന രീതി മാറ്റംണമെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ് ഉൾപ്പെട്ട സമിതിയാകണം തെരഞ്ഞെടുപ്പ് കമീഷണറെ തീരുമാനിക്കേണ്ടത്. ഇത് അനുസരിച്ച് സമിതി പുനഃസംഘടിപ്പിക്കണമെന്നുമാണ് പ്രമേയത്തിലെ ആവശ്യം.
സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമീഷണർമാർക്കെതിരെയും നടപടി വേണമെന്ന് എം വിജിൻ എംഎൽഎ ഭേദഗതി നിർദേശിച്ചുവെങ്കിലും മുഖ്യമന്ത്രി തള്ളി. കേരളത്തിലെ തെരഞ്ഞെടുപ്പും റദ്ദാക്കണമെന്ന് ബിജെപി എംഎൽഎ ബി ബി ഗോപകുമാർ ആവശ്യപ്പെട്ടു.








0 comments