ഉദ്യോഗാര്‍ഥിയുടെ തലപൊട്ടി ചോരയൊലിച്ചു; ജാർഖണ്ഡിൽ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ്

ഉദ്യോഗാർഥികൾക്ക് നേരെ കണ്ണീർവാതകം പ്രയോഗിക്കുന്ന പൊലീസ് | Image Credit : PTI
റാഞ്ചി: നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡ് നിയമസഭാ മന്ദിരത്തിലേക്ക് ഉദ്യോഗാർഥികൾ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ, പൊലീസിന്‍റെ ലാത്തിച്ചാർജ്. ജഗന്നാഥപൂർ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് ഉദ്യോഗാർഥികള്‍ക്ക് നേരെ പൊലീസ് പാഞ്ഞടുത്തത്. തുടർന്നുണ്ടായ ലാത്തിച്ചാർജിൽ നിരവധി ഉദ്യോഗാർഥികൾക്ക് പരിക്കേറ്റു.
"എന്റെ തലയിലും കാലുകളിലും ശക്തമായ വേദനയുണ്ട്, തലയിൽ നിന്ന് ചോര വരുന്നുണ്ട്," - പരിക്കേറ്റ സഞ്ജയ് മഹാതോ എന്ന ഉദ്യോഗാർഥി പറഞ്ഞു. "പൊലീസിന്റേത് ക്രൂരമായ നടപടിയായിരുന്നു. ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിച്ചിരുന്നത്, എന്നാൽ സർക്കാർ ഞങ്ങൾക്ക് നേരെ ലാത്തി പ്രയോഗിക്കുകയായിരുന്നു. ഞങ്ങളുടെ ശരീരത്തിന് പരിക്കേൽപ്പിക്കാൻ മാത്രമേ അവർക്ക് കഴിയൂ, ഞങ്ങളുടെ ചിന്തകളെ തകർക്കാൻ കഴിയില്ല," - പിയൂഷ് കുമാർ സോണി എന്ന ഉദ്യോഗാർഥി വ്യക്തമാക്കി.
സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി സർക്കാർ പല ഘട്ടങ്ങളിലായി ചർച്ചകൾ നടത്തിയെങ്കിലും സമവായത്തിലെത്താൻ സാധിച്ചിരുന്നില്ല. തങ്ങൾ റദ്ദാക്കാൻ ആവശ്യപ്പെട്ട 13 പരീക്ഷകളിൽ 3 എണ്ണം മാത്രം റദ്ദാക്കാമെന്നാണ് സർക്കാർ അറിയിച്ചതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.
ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനിലും , ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷനിലും സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുക, 14-ാമത് JPSC സിവിൽ സർവീസ് പരീക്ഷ ഉൾപ്പെടെയുള്ള വിവിധ നിയമന പരീക്ഷകൾ റദ്ദാക്കുക, പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് സിബിഐയോ അല്ലെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ പാനലോ അന്വേഷിക്കുക എന്നിവയാണ് ഉദ്യോർഥികളുടെ ആവശ്യങ്ങൾ.










0 comments