പ്രധാനമന്ത്രിയുടെ ആഹ്വാനം വിരോധാഭാസം; യുഎസ്-ഇസ്രായേൽ സഖ്യത്തെ കുറ്റപ്പെടുത്താൻ പോലും തയ്യാറായില്ല: സിപിഐ എം

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം മറികടക്കാൻ രാജ്യത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം അങ്ങേയറ്റം വിരോധാഭാസമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. ഇറാനെതിരായ ആക്രമണങ്ങൾക്ക് ഉത്തരവാദികളായ യുഎസും ഇസ്രയേലുമായി ചേർന്നുനിൽക്കാനുള്ള തീരുമാനത്തിലൂടെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു.
ഇറാനെതിരായ ആക്രമണങ്ങളെ അപലപിക്കാനോ നിലവിലെ പ്രതിസന്ധിക്ക് യുഎസ്-ഇസ്രായേൽ സഖ്യത്തെ കുറ്റപ്പെടുത്താനോ കേന്ദ്രം തയ്യാറായില്ല. ഉപഭോഗം കുറയ്ക്കാനും ലളിത ജീവിതം നയിക്കാനും ജനങ്ങളോട് ആവശ്യപ്പെടുന്നതിന് പകരം, ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്കിലൂടെ സ്വതന്ത്രമായ ഗതാഗതം അനുവദിക്കാനും യുഎസിന് മേൽ സമ്മർദ്ദം ചെലുത്താൻ കേന്ദ്രസർക്കാർ ശ്രമിക്കേണ്ടതായിരുന്നു. എണ്ണ ഇറക്കുമതിക്കായി വ്യത്യസ്ത സ്രോതസ്സുകൾ കണ്ടെത്തുന്നതിൽ സർക്കാർ മുൻകരുതൽ എടുത്തിരുന്നെങ്കിൽ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വളം മുൻഗണനാടിസ്ഥാനത്തിൽ കർഷകർക്ക് ലഭ്യമാക്കിയില്ലെങ്കിൽ ഭക്ഷ്യോൽപ്പാദനത്തെ അത് സാരമായി ബാധിക്കും. ഇത് ജനങ്ങളുടെ ഉപജീവനത്തെയും സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും. ഉടൻ വളം സംഭരിക്കാനും കർഷകർക്ക് ലഭ്യമാക്കാനും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ആശങ്കപ്പെടാനൊന്നുമില്ലെന്ന ബിജെപി സർക്കാരിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവന തെളിയിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഈ പ്രസ്താവനകൾ വന്നതെന്നത് ശ്രദ്ധേയമാണ്. അസത്യങ്ങൾ പറഞ്ഞ് തെരഞ്ഞെടുപ്പ് ജയിച്ച ശേഷം യാഥാർത്ഥ്യങ്ങൾ മറച്ചുവെക്കാനാണ് ഈ നീക്കം. ജനങ്ങൾക്ക് മേൽ അമിതഭാരം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ജനങ്ങൾ അണിനിരക്കണമെന്നും പിബി ആഹ്വാനം ചെയ്തു.










0 comments