പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന; കേരളത്തെ അവഗണിച്ച് ബിജെപി സർക്കാർ

ന്യൂഡൽഹി : പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന വഴി അനുവദിച്ച തുകയിൽ 1,187 കോടി വിനിയോഗിക്കപ്പെടാതെ കിടന്നിട്ടും കേരളത്തിന്റെ എയിംസിനുള്ള ആവശ്യത്തെ അവഗണിച്ച് ബിജെപി സർക്കാർ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) പദ്ധതിക്ക് കേന്ദ്ര സർക്കാർ 26,440 കോടി അനുവദിച്ചെങ്കിലും, അതിൽ 1,187 കോടി വിനിയോഗിക്കപ്പെടാതെ കിടക്കുകയാണ്. രാജ്യത്തെ എയിംസ് സ്ഥാപിക്കലിനും സർക്കാർ മെഡിക്കൽ കോളേജുകൾ നവീകരിക്കലിനുമുള്ള ഈ പദ്ധതിയിൽ, തുക ലാപ്സ് ആയിട്ടും കേരളത്തിന് എയിംസ് വേണമെന്ന ദീർഘകാല ആവശ്യത്തെ കേന്ദ്രം പൂർണമായും അവഗണിച്ചു. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ പി നദ്ദ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.
സർക്കാർ ഫണ്ടുകൾ നിർവഹണ ഏജൻസികൾക്ക് കൈമാറിയെന്നും ഫണ്ടുകൾ ആവശ്യത്തിന് ലഭ്യമാണെന്നും അവകാശപ്പെടുന്നു. എന്നാൽ ഓരോ സംസ്ഥാനങ്ങളിലേക്കുള്ള ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. ഇത് കേരളത്തോടുള്ള അവഗണന മറച്ചു പിടിക്കാനുള്ള ശ്രമമാണെന്ന് വി ശിവദാസൻ എംപി പറഞ്ഞു. പൊതുജനാരോഗ്യം സർക്കാരിന്റെ ഉത്തരവാദിത്തമായി ഏറ്റെടുത്തു നടപ്പിലാക്കുന്ന സംസ്ഥാനങ്ങളെ, വേട്ടയാടുന്ന സമീപനമാണ് ബിജെപി സർക്കാർ കൈക്കൊള്ളുന്നതെന്നും വി ശിവദാസൻ എംപി പറഞ്ഞു.









0 comments