പിഎംശ്രീ പദ്ധതി: കേരളത്തിന് തരാനുള്ള ഫണ്ട് കുടിശ്ശികയെപ്പറ്റി മിണ്ടാതെ കേന്ദ്രസർക്കാർ

pm shri schmeme
വെബ് ഡെസ്ക്

Published on Jul 31, 2025, 07:27 PM | 2 min read

ന്യൂഡൽഹി : കേന്ദ്ര സർക്കാറിന്റെ പിഎംശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെയ്ക്കാത്തിനാൽ കേരളത്തിന് സമഗ്ര ശിക്ഷാ പദ്ധതിയനുസരിച്ചുള്ള ഫണ്ട് തടഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാതെ കേന്ദ്ര സർക്കാർ. ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രം മറുപടി നൽകാതെ ഒഴിഞ്ഞുമാറിയത്.


സമഗ്ര ശിക്ഷ പദ്ധതിയിലൂടെ 2025-26 വരെ 4 സാമ്പത്തികവർഷത്തേയ്ക്ക് കേരളത്തിന് നിർദ്ദേശിച്ചത് 1,53,855.99 ലക്ഷം രൂപ ആണെന്ന് വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയെ അറിയിച്ചു. പക്ഷേ, യഥാർഥത്തിൽ ഇതുവരെ കേരളത്തിന് അനുവദിച്ച തുകയെക്കുറിച്ചോ കുടിശ്ശികയെക്കുറിച്ചോ ഒന്നും തന്നെ മന്ത്രി വ്യക്തമാക്കിയിട്ടില്ല. സമഗ്ര ശിക്ഷ പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കേണ്ട 970 കോടി രൂപ കേന്ദ്രം ഇപ്പോഴും കൈമാറിയിട്ടില്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് എംപി പറഞ്ഞു. പിഎംശ്രീ പോലുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ടയോട് കേരളം ഒത്തുപോകുന്നതിനുവേണ്ടിയുള്ള സമ്മർദ്ദ തന്ത്രമാണോ ഇത്തരത്തിൽ നിർദ്ദേശിച്ച ഫണ്ടുകൾ തടഞ്ഞുവയ്ക്കുന്നതിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നതെന്ന ന്യായമായ ചോദ്യങ്ങൾക്കാണ് ഇത് വഴിവെയ്ക്കുന്നത്.


കേരളത്തിലെ സർക്കാർ സ്കൂളുകളെ മാതൃകാ സ്കൂളുകളായി വികസിപ്പിക്കുന്നതിന് പിഎംശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ഉചിതമാകുമെന്നും കേരളം ധാരണാ പത്രത്തിൽ ഒപ്പുവെയ്ക്കണമെന്നുള്ള നിർബദ്ധമാണ് മന്ത്രി ജയന്ത് ചൗധരിയുടെ മറുപടിയിലുള്ളത്. പിഎംശ്രീ പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്ര സർക്കാരിന്റെ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പുമായി ധാരണാപത്രം ഒപ്പിടേണ്ടതുണ്ട്. 36 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ 33 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ ഇതുവരെ ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. കേരളമുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾ മാത്രമാണ് ധാരണാ പത്രത്തിൽ ഒപ്പുവെയ്ക്കാത്തതെന്നും മന്ത്രി പറഞ്ഞു.


സമഗ്ര ശിക്ഷാ പദ്ധതിയെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്ന മന്ത്രിയുടെ പരാമർശം തെറ്റാണ്. 2020ൽ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കുന്നത്തിന് മുമ്പ് 2018ൽ തന്നെ സമഗ്ര ശിക്ഷാ അഭിയാൻ ആരംഭിച്ചതാണ്. പിഎംശ്രീ പദ്ധതി ആരംഭിച്ചതാകട്ടെ 2022ൽ. പിഎംശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിടാത്തതിന്റെ പേരിൽ സമഗ്ര ശിക്ഷാ പദ്ധതിപോലെ സംസ്ഥാനം കൂടി വിഹിതം നൽകുന്ന ഒരു പദ്ധതിയുടെ ഫണ്ട് വൈകിപ്പിക്കുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്യുന്നത് ശരിയല്ല. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽപ്പെടുന്ന വിഷയമാണ് വിദ്യാഭ്യാസം എന്നിരിക്കെ, ഫണ്ട് തടയുന്നതുപോലുള്ള സമർദ്ദ തന്ത്രങ്ങൾ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഇടയിലുള്ള ഫെഡറൽ മനോഭാവത്തെയും സഹകരണ പ്രവർത്തനത്തെയും ദുർബലപ്പെടുത്തുമെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home