വിദേശയാത്രകൾക്ക് 462 കോടി: മോദി സന്ദർശിച്ചത് 43 രാജ്യങ്ങൾ; കൂടുതൽ ചിലവ് അമേരിക്കൻ യാത്രകൾക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കായി കഴിഞ്ഞ നാല് വർഷത്തിനിടെ (2021-2025) സർക്കാർ ചിലവാക്കിയത് 462.58 കോടി രൂപ. ഈ കാലയളവിൽ 43 രാജ്യങ്ങളിലായി നിരവധി തവണയാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ തുക ചിലവായത് അമേരിക്കൻ സന്ദർശനങ്ങൾക്കാണ്. മൊത്തം ചിലവിന്റെ 16 ശതമാനവും (74.4 കോടി രൂപ) അമേരിക്കയിലേക്കുള്ള നാല് യാത്രകൾക്കായാണ് ചിലവാക്കിയത്. ജപ്പാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ചിലവിന്റെ കാര്യത്തിൽ തൊട്ടുപിന്നാലെയുള്ളത്.
രണ്ട് രാജ്യങ്ങളിലേക്കുമായി ഏകദേശം 9 ശതമാനം വീതം തുക ചിലവായിട്ടുണ്ട്. 2025 ഫെബ്രുവരിയിൽ ഫ്രാൻസിലേക്ക് നടത്തിയ യാത്രയ്ക്കാണ് ഒറ്റത്തവണയായി ഏറ്റവും കൂടുതൽ തുക ചിലവായത്—25.5 കോടി രൂപ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ സമ്മിറ്റിൽ പങ്കെടുക്കുന്നതിനും മാഴ്സെയിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്യുന്നതിനുമായിരുന്നു ഈ സന്ദർശനം. 2023 ജൂണിലെ അമേരിക്കൻ സന്ദർശനത്തിന് 22.8 കോടി രൂപയും 2021 സെപ്റ്റംബറിലെ യാത്രയ്ക്ക് 19.6 കോടി രൂപയും ചിലവായി.
ക്വാഡ് ഉച്ചകോടി, ഐക്യരാഷ്ട്രസഭയിലെ പ്രസംഗം തുടങ്ങിയവയായിരുന്നു സന്ദർശന ലക്ഷ്യങ്ങൾ. യുഎസ്, യുഎഇ, ജപ്പാൻ എന്നിവിടങ്ങളിൽ നാല് തവണ വീതം പ്രധാനമന്ത്രി സന്ദർശനം നടത്തി.
ഫ്രാൻസിൽ മൂന്ന് തവണയും യുകെ, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ രണ്ട് തവണ വീതവും സന്ദർശനം നടത്തി. രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ എന്ന വാദമുയർത്തി പ്രധാനമന്ത്രി ഇത്തരം യാത്രകൾ നടത്തുമ്പോഴും രാജ്യത്തെ വലിയ വിഭാഗം ജനങ്ങൾ ഭക്ഷണമോ പാർപ്പിടമോ പോലുമില്ലാത്ത അവസ്ഥയിലാണ് കഴിയുന്നതെന്ന് വിരോധാഭാസം നിലവിലുണ്ട്.
സർക്കാർ ചിലവിൽ ഇത്തരം യാത്ര നടത്തുന്ന സാഹചര്യത്തിൽ രാജ്യത്തിലെ ജനങ്ങളുടെ പുരോഗതിയെ കണക്കിലെടുത്ത് കൂടെ പണം ചെലവഴിക്കണമെന്ന് വിമർശനമുണ്ട്. യാത്രകൾക്കായി ചിലവാക്കുന്ന ഭീമമായ തുകയെക്കുറിച്ച് പ്രതിപക്ഷം മുൻപും ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.










0 comments