ad
Deshabhimani

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തട്ടിപ്പ്

സർക്കാർ ഫണ്ടിൽ തിരിമറി; ഹരിയാനയിൽ ഐഎഎസ് ഉദ്യോഗസ്ഥൻ സിബിഐ അറസ്റ്റിൽ

Walayar Rape Case
വെബ് ഡെസ്ക്

Published on Jun 23, 2026, 05:09 PM | 2 min read

ചണ്ഡീ​ഗഡ്: സർക്കാർ ഫണ്ട് തിരിമറി ചെയ്ത കേസിൽ ഹരിയാന കേഡർർ ഐഎഎസ് ഉദ്യോഗസ്ഥൻ പങ്കജ് അഗർവാൾ സിബിഐ അറസ്റ്റിൽ. ചണ്ഡീഗഢിലെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ശാഖയിൽ പ്രവർത്തിക്കുന്ന ഹരിയാന സ്കൂൾ ശിക്ഷ പരിയോജന പരിഷത്തിന്റെയും (എച്ച്എസ്എസ്പിപി) സംസ്ഥാന കാർഷിക മാർക്കറ്റിംഗ് ബോർഡിന്റെയും (എച്ച്എസ്എഎംബി) അക്കൗണ്ടുകളിൽ നിന്ന് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തു എന്നതാണ് കേസ്. ഈ അഴിമതിക്കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.


2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പങ്കജ് അഗർവാൾ, സ്കൂൾ വിദ്യാഭ്യാസ-കൃഷി വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിയായും സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അഗർവാൾ അധികാരത്തിലിരിക്കുമ്പോൾ ധനകാര്യ വകുപ്പിന്റെ മാർ​ഗനിർദ്ദേശങ്ങൾ ലംഘിച്ചാണ് ഈ അക്കൗണ്ടുകൾ തുറന്നത്. വ്യാജ ഇടപാടുകളിലൂടെ സംസ്ഥാന ഖജനാവിന് 60.54 കോടി രൂപയുടെ നഷ്ടമുണ്ടായതായി സിബിഐ അറിയിച്ചു.


കാർഷിക മാർക്കറ്റിംഗ് ബോർഡിന്റെ അക്കൗണ്ടിൽ നിന്ന് 10 കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. ഇതിൽ 9.75 കോടി രൂപ 'എസ്ആർആർ പ്ലാനിംഗ് ഗുരുസ് ലിമിറ്റഡ്' എന്ന ഷെൽ കമ്പനിയിലേക്കും, 25 ലക്ഷം രൂപ 'മന്നത്ത് കോൺട്രാക്ടേഴ്സ്' എന്ന സ്ഥാപനത്തിലേക്കും മാറ്റി. സ്കൂൾ ശിക്ഷ പരിയോജന പരിഷത്തിൽ നിന്ന് 50 കോടിയിലധികം രൂപ തട്ടിയെടുത്തതായും ആരോപണമുണ്ട്.


വ്യാജ സ്ഥിര നിക്ഷേപങ്ങൾ വഴിയും ഷെൽ കമ്പനികൾ വഴിയും വിവിധ സർക്കാർ വകുപ്പുകളിൽ നിന്നായി ആകെ 504 കോടി രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണ ഭാഗമായാണ് ഈ അറസ്റ്റ്. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരും ഇതിൽ പങ്കാളികളാണ്. ഐഎഎസ് ഉദ്യോ​ഗസ്ഥനായ രാം കുമാർ സിങ് ആണ് നേരത്തെ അറസ്റ്റ്ലായിരുന്നു.


കേസിൽ ആകെ 8 ഐഎഎസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. അറസ്റ്റിലായവർക്ക് പുറമെ മുഹമ്മദ് ഷായിൻ, മണി റാം ശർമ്മ, പ്രദീപ് കുമാർ, വിനീത് ഗാർഗ്, സാകെത് കുമാർ, ഡി കെ ബെഹെറ എന്നിവരാണ് നിരീക്ഷണത്തിലുള്ള മറ്റുള്ളവർ. ഹരിയാന സംസ്ഥാന വിജിലൻസിൽ നിന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്. ഇതുവരെ 17 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഇതിൽ 6 ബാങ്ക് ഉദ്യോഗസ്ഥർ, 3 സർക്കാർ ഉദ്യോഗസ്ഥർ, 2 കമ്പനികൾ, 6 സ്വകാര്യ വ്യക്തികൾ എന്നിവർ ഉൾപ്പെടുന്നു.


ചണ്ഡീഗഢ് സ്മാർട്ട് സിറ്റി ലിമിറ്റഡ് (സിഎസ്‍സിഎൽ), സെന്റർ ഫോർ റിസർച്ച് ആൻഡ് ഇൻഡസ്ട്രിയൽ സ്റ്റാഫ് പെർഫോമൻസ് (ക്രെസ്റ്റ്) എന്നിവയുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കേസുകളും സിബിഐ ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിച്ചു. 'ക്രെസ്റ്റ്' കേസിൽ ഒരു മുതിർന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനും അറസ്റ്റിലായിട്ടുണ്ട്. പൊതുഫണ്ട് തട്ടിപ്പിൽ സിബിഐ കണക്കാക്കുന്ന ആകെ നഷ്ടം 657 കോടി രൂപയാണ്. എന്നാൽ 645 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home