17 കോടിയുടെ കൊട്ടാരം, അതിഥികൾക്ക് 2 വിമാനങ്ങൾ; യുവാവിനെ പ്രതിശ്രുത വധു കൊലപ്പെടുത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പൂനെ: പൂനെയിലെ യുവ വ്യവസായി കേതൻ വിശാൽ അഗർവാളിന്റെ മരണത്തിൽ പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിലായ സംഭവത്തിൽ ആസൂത്രിത കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വരും മാസങ്ങളിൽ രാജസ്ഥാനിൽ വെച്ച് വിപുലമായ ചടങ്ങുകളോടെ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് കൊലപാതകം.
വിവാഹച്ചടങ്ങുകൾക്കായി ജയ്പൂരിലെ പ്രശസ്തമായ കൊട്ടാരം 17 കോടി രൂപയ്ക്കാണ് കുടുംബാംഗങ്ങൾ ബുക്ക് ചെയ്തിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇതിന് പുറമെ അതിഥികൾക്കായി രണ്ട് സ്വകാര്യ വിമാനങ്ങളും ക്രമീകരിച്ചിരുന്നു.
കേതനുമായുള്ള വിവാഹത്തിന് പ്രതിശ്രുത വധു സിയ ഗോയലിന് താല്പര്യമില്ലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കേതനെ ഒഴിവാക്കാനായി സിയ തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ചേതൻ ചൗധരിയുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ജന്മദിനാഘോഷത്തിന്റെ പേരിൽ കേതനെ ഇവർ ലോഹഗഡ് കോട്ടയിലേക്ക് ട്രെക്കിങ്ങിനായി കൂട്ടിക്കൊണ്ടുപോയത്.
Related News
കോട്ടയിലെത്തിയ ശേഷം സിയയും ചേതൻ ചൗധരിയും ചേർന്ന് കേതനെ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് എസ്എസ്പി സന്ദീപ് സിങ് ഗിൽ അറിയിച്ചു. കൊലപാതകം നടന്ന സമയത്ത് ചേതൻ ചൗധരിയുടെ സാന്നിധ്യം സംഭവസ്ഥലത്തുണ്ടായിരുന്നതായി മൊബൈൽ ഡാറ്റയും കോൾ റെക്കോർഡുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. കേസിൽ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.










0 comments