സിബിഎസ്ഇ 12-ാം ക്ലാസ് പുനർമൂല്യനിർണയ ഫലത്തിൽ 500/500 മാർക്ക്; ടോപ്പറായി അവനി കെജരിവാൾ

അവനി കുടുംബത്തോടൊപ്പം (Photo: NDTV)
റാഞ്ചി: സിബിഎസ്ഇ പുനർമൂല്യനിർണയ ഫലത്തിൽ വിദ്യാർഥിനിക്ക് ഫുൾ മാർക്ക്. SAIL ടൗൺഷിപ്പിലെ ഡൽഹി പബ്ലിക് സ്‌കൂൾ (DPS) കൊമേഴ്‌സ് വിദ്യാർഥിനിയായ അവനി കെജരിവാൾ ആണ് പുനർമൂല്യനിർണയ ഫലം പുറത്തുവന്നപ്പോൾ 500-ൽ 500 മാർക്ക് നേടി ചരിത്ര വിജയം സ്വന്തമാക്കിയത്. ഇതോടെ അവനി ടോപ്പറായി മാറി. മെയ് 13 നാണ് സിബിഎസ് സി 12-ാം ക്ലാസ് ഫലം വന്നത്. അന്ന് 95.2 ശതമാനായിരുന്നു അവനിയുടെ മാർക്ക്.
ഇംഗ്ലീഷ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ് എന്നീ അഞ്ച് പ്രധാന വിഷയങ്ങളിലാണ് പുനർമൂല്യനിർണയത്തിൽ അവനി പൂർണ മാർക്ക് നേടി. ഇതുകൂടാതെ അഡീഷണൽ വിഷയമായ ഗ്രാഫിക്സിൽ 99 മാർക്കും ഈ മിടുക്കി സ്വന്തമാക്കി. നേരത്തെ വന്ന പരീക്ഷാഫലത്തിൽ കുടുംബം സംതൃപ്തരായിരുന്നെങ്കിലും, തന്റെ മാർക്ക് ഒന്നുകൂടി സൂക്ഷ്മമായി വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് അവനി തന്നെയാണ് രംഗത്ത് വന്നത്.
'ഫലം പ്രഖ്യാപിച്ചപ്പോൾ, എന്റെ സ്‌കോറിൽ എനിക്ക് പൂർണ സംതൃപ്തി തോന്നിയില്ല. ഉത്തരങ്ങൾക്ക് ഒന്നുകൂടി പരിശോധിക്കേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിച്ചു, വർഷം മുഴുവനും ഞാൻ നടത്തിയ പരിശ്രമത്തിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു,' അവനി പറഞ്ഞു. മാതാപിതാക്കളുടെയും അധ്യാപകരുടെയും മെന്റർ സച്ചിതിന്റെയും പിന്തുണയാണ് തന്റെ വിജയത്തിന് കാരണമെന്നും അവനി കൂട്ടിച്ചേർത്തു. പഠന സമയം കേന്ദ്രീകരിക്കുന്നതിനു പകരം, അച്ചടക്കമുള്ളതും ലക്ഷ്യം അടിസ്ഥാനമാക്കിയുള്ളതുമായ സമീപനമാണ് അക്കാദമിക് വിജയത്തിനായുള്ള പരിശ്രമത്തിൽ താൻ ചെയ്തതെന്ന് അവനി പറയുന്നു.
ബിസിനസ്സിൽ കരിയർ കെട്ടിപ്പടുക്കാനാണ് ആഗ്രഹമെന്ന് അവനി പറയുന്നു. ബിസിനസ് ചെയ്യുന്ന മിതേഷ് കെജരിവാളിന്റെയും പൂനം കെജരിവാളിന്റെയും മകളാണ് അവനി. ബിസിനസ് മാനേജ്‌മെന്റിൽ ഉപരിപഠനം നടത്താൻ പദ്ധതിയിടുന്നുവെന്നും CUET-UG 2026 പരീക്ഷ എഴുതിയിട്ടുണ്ടെന്നും അവനി പറഞ്ഞു. മകൾ പഠനത്തിൽ തുടക്കം മുതൽക്കേ അതീവ ശ്രദ്ധാലുവായിരുന്നുവെന്നും കഠിനാധ്വാനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്നും അവനിയുടെ മാതാപിതാക്കൾ പറഞ്ഞു.
ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയത്തിന്‍റെ ഫലം പ്രഖ്യാപിച്ചത്. പരീക്ഷാ ഫലം വന്നതുമുതല്‍ സിബിഎസ് സി വിവാദങ്ങളിലേയ്ക്ക് കൂപ്പുകുത്തി വീണിരുന്നു. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നൽകാനുള്ള സൈറ്റ് തകരാറിലായത് നിരവധി വിദ്യാർഥികളെയാണ് ബാധിച്ചത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലത്തിന് പിന്നാലെ തന്നെ പുനർ മൂല്യനിർണയത്തിലും വെബ്സൈറ്റ് പ്രവർത്തനത്തിലും പ്രശ്നങ്ങൾ നേരിട്ടിരുന്നു. 17 ലക്ഷം പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ നാലു ലക്ഷം വിദ്യാര്‍ഥികള്ളാണ് പരാതിയുമായി രംഗത്ത് വന്നിരുന്നത്.









0 comments