ad
Deshabhimani

print edition മാന്ദ്യമെന്ന് മോദിയും

Modi.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 12, 2026, 12:57 AM | 2 min read

ന്യൂഡൽഹി: ​പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ ആഘാതം ചെറുക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടതോടെ ഇന്ത്യ കടുത്ത ഉ‍ൗർജപ്രതിസന്ധിയിലേക്കും സാന്പത്തികതകർച്ചയിലേക്കും കൂപ്പുകുത്തുമെന്ന്‌ ആശങ്ക. പെട്രോൾ, ഡീസൽ വിലവർധന, വലിയ വിലക്കയറ്റം, തൊഴിൽനഷ്ടം, കുടിയേറ്റതൊഴിലാളികളുടെ കൂട്ടപ്പലായനം, ഓഹരിവിപണിയിലെ തകർച്ച, ഇന്ധനക്ഷാമം കാരണമുള്ള ലോക്ക്‌ഡ‍ൗൺ തുടങ്ങിയവയാൽ ജനജീവിതം ദുസ്സഹമാകും.


രൂപയുടെ മൂല്യത്തകർച്ചയും കയറ്റിറക്കുമതിയിലെ അന്തരവും വിദേശനാണ്യശേഖരത്തിലെ വൻഇടിവും സന്പദ്‌ഘടനയുടെ അടിത്തറ ദുർബലപ്പെടുത്തും. ജനങ്ങൾ ചെലവുചുരുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊടുന്നനെയുള്ള ആഹ്വാനം ആസന്നമായ വൻ പ്രതിസന്ധികളുടെ ഉത്തരവാദിത്വത്തിൽനിന്ന്‌ തടിയൂരാനുള്ള മുൻകൂർജാമ്യമാണെന്ന വിമർശം ശക്തമായി.


മോദിസർക്കാരിന്റെ അമേരിക്കൻ വിധേയത്വവും കെടുകാര്യസ്ഥതയും ആസൂത്രണപാളിച്ചകളുമാണ്‌ ജനജീവിതം ദുസഹമാക്കുന്നത്‌. അധികാരത്തിലേറി വ്യാഴവട്ടം പിന്നിട്ടിട്ടും ഇന്ധന സ്വയംപര്യാപ്‌തത ഉറപ്പാക്കാൻ ആവശ്യമായ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായിട്ടില്ല. ഹോർമുസ്‌ കടലിടുക്കിൽ ഇന്ത്യയുടെ നിരവധി കപ്പലുകൾ ആഴ്‌ചകൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണുള്ളത്‌.


ആവശ്യാനുസരണമുള്ള എണ്ണ, എൽപിജി വിതരണം ഇനിയും മുടങ്ങിയാൽ രാജ്യം സ്‌തംഭിക്കും. രാജ്യത്തെ മിക്ക നഗരങ്ങളിലും എൽപിജി ക്ഷാമം ഇപ്പോൾത്തന്നെ രൂക്ഷമാണ്‌. ആഗോള എണ്ണ കരുതൽശേഖരം എട്ടുവർഷത്തെ ഏറ്റവും കുറഞ്ഞ അളവിലായെന്നാണ്‌ റിപ്പോർട്ട്‌. ഫെബ്രുവരിയിൽ 105 ദിവസത്തെ സ്‌റ്റോക്കുണ്ടായിരുന്നത്‌ മെയ്‌ അവസാനത്തോടെ 98 ദിവസമായി ചുരുങ്ങിയെന്ന്‌ ബഹുരാഷ്ട്ര സാന്പത്തികസേവന കന്പനി ഗോൾഡ്‌മാൻ സാച്ച്‌സ്‌ റിപ്പോർട്ടിൽ പറയുന്നു.


എണ്ണ കന്പനികൾ പ്രതിദിനം ആയിരം കോടി നഷ്ടത്തിലാണ്‌ പ്രവർത്തിക്കുന്നതെന്ന സർക്കാരിന്റെ അവകാശവാദം പെട്രോൾ, ഡീസൽ, എൽപിജി വില വർധിപ്പിക്കാനുള്ള നീക്കത്തിന്‌ മുന്നോടിയാണ്‌. ഇന്ധനവില വർധനയോടെ വിലക്കയറ്റം പിടിവിടും. രൂപയുടെ മൂല്യം പിടിച്ചുനിർത്താനുള്ള പെടാപ്പാടും ഇറക്കുമതി ചെലവിലുണ്ടായ വർധനയും വിദേശനാണ്യശേഖരത്തിൽ ഉണ്ടാക്കിയിട്ടുള്ള ഇടിവ്‌ ആശങ്കാജനകമാണ്‌. കോവിഡ്‌കാല പ്രതിസന്ധികളിൽനിന്ന്‌ കരകയറിയിട്ടില്ലാത്ത രാജ്യം ഇ‍ൗ ആഘാതം എങ്ങനെ താങ്ങുമെന്ന ആശങ്ക വ്യാപകമാണ്‌.


തെളിയുന്നത് ഭരണപരാജയം: 
എം എ ബേബി


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ച ചെലവുചുരുക്കൽ നടപടികൾ കേന്ദ്രസർക്കാരിന്റെ ഭരണപരാജയമാണ്‌ വ്യക്തമാക്കുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. 2021ൽ ശ്രീലങ്കൻ ഭരണാധികാരിയുടെ ചെലവുചുരുക്കൽ നടപടികൾക്ക്‌ സമാനമാണിത്‌.


തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ വന്നതിന്‌ പിന്നാലെയാണ്‌ പ്രസ്‌താവനയെന്നതും ശ്രദ്ധേയം. നുണപ്രചാരണങ്ങളിലൂടെ തെരഞ്ഞെടുപ്പ്‌ ജയിക്കുന്നതിനായി സത്യാവസ്ഥ ജനങ്ങളിൽനിന്ന്‌ മറച്ചുവെച്ചു. ചെലവുചുരുക്കലിന്റെ പേരിൽ സർക്കാർ അടിച്ചേൽപ്പിക്കാൻ പോകുന്ന ബാധ്യതകളെ ചെറുക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം.


യുഎസ്‌–ഇസ്രയേൽ അച്ചുതണ്ടിനൊപ്പം അണിചേരാനുള്ള തീരുമാനമാണ്‌ ഇതിന്‌ വഴിയൊരുക്കിയത്‌. ഇറാനെ ആക്രമിക്കുന്നതിന്‌ തൊട്ടുതലേന്ന്‌ പ്രധാനമന്ത്രി ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്‌തു. ഇറാനെതിരായ ആക്രമണത്തെ ഇന്ത്യ അപലപിച്ചില്ല.


കർഷകർക്ക്‌ മുൻഗണനാടിസ്ഥാനത്തിൽ രാസവളം ലഭ്യമാക്കിയില്ലെങ്കിൽ ഭക്ഷ്യോൽപ്പാദനത്തെ ബാധിക്കും. ഇത്‌ ജനങ്ങളുടെ ജീവിതോപാധിയെ ബാധിക്കുകയും സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ തിരിച്ചടിയാവുകയും ചെയ്യും. അടിയന്തരമായി വളം സംഭരിച്ച്‌ സർക്കാർ കർഷകർക്ക്‌ ലഭ്യമാക്കണമെന്ന്‌ ബേബി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home