മോദി ഇന്ത്യയ്ക്ക് അപമാനം; ഗ്യാനേഷിനെ സംരക്ഷിച്ച് ജനങ്ങളോട് യുദ്ധംചെയ്യുന്നു: സിജെപി

സിജെപി നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും വാർത്താസമ്മേളനത്തിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് അപമാനമായി മാറിയെന്ന് സിജെപി നേതാക്കൾ. കഴിഞ്ഞ മണിക്കൂറുകൾ ഏകാധിപത്യത്തിന്റേതാണ്. മുഖ്യതെരഞ്ഞെടുപ്പ് കമീണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ചവരെ ക്രൂരമായി മർദിക്കുകയും അറസ്റ്റ് ചെയ്യുകയുമാണ്. അടിയന്തരാവസ്ഥകാലത്ത് പോലും ഇല്ലാത്ത രീതിയാണ് രാജ്യം കണ്ടത്. മോദിയും അമിത് ഷായും ജനങ്ങളോട് യുദ്ധം ചെയ്യുകയാണെന്നും സിജെപി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നത് മോദിയും അമിത് ഷായുമാണ്. തെരഞ്ഞെടുപ്പ് കമീഷൻ പൂർണമായി കീഴടങ്ങി. ഇപ്പോൾ നടക്കുന്നത് രാജ്യത്തിന്റെയാകെ പ്രക്ഷോഭമാണ്. 13 കോടി വോട്ടർമാരെയാണ് ഗ്യാനേഷിന്റെ നേതൃത്വത്തിൽ വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റിയത്.
ഡൽഹിയിൽ നടക്കുന്നത് പൊലീസ് രാജാണ്. ട്രെയിനുകൾ റദ്ദാക്കി, മെട്രോ അടച്ചു, ഇന്റർനെറ്റ് വിച്ഛേദിച്ചു, ജനങ്ങളെ ബന്ദിയാക്കി. അഭിജീക് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കളെ വിമാനത്തിൽനിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. മനുഷ്യതരഹിതമായാണ് ഡൽഹി പൊലീസ് പെരുമാറിയത്. ദീപ്കെയുടെ മുത്തശ്ശിയുടെ മരണവാർത്ത അറിയിക്കുമ്പോഴും മോശമായി പെരുമാറി. മാതാപിതാക്കളോട് സംസാരിക്കാൻ പോലും അനുവദിച്ചില്ല. കസ്റ്റഡിയിലെടുത്തവരുടെ ഫോണുകൾ പൊലീസ് കൈവശപ്പെടുത്തി. ആ ഫോണുകൾ ഹാക്ക് ചെയ്തിട്ടുണ്ടോ എന്നത് സംശയകരമാണ്.
ബിജെപി ഗുണ്ടകളും നെയിംടാഗ് ഇല്ലാത്ത പൊലീസുകാരും യുവാക്കളെ ക്രൂരമായി മർദിച്ചു. എസ്എഫ്ഐ, എഐഎസ്എഫ് നേതാക്കൾ ഇന്നും ആക്രമിക്കപ്പെട്ടു. സ്വതന്ത്രമാധ്യമപ്രവർത്തകരെയും കയ്യേറ്റം ചെയ്യുകയാണ്. സമരം കൂടുതൽ ശക്തമായി തുടരുമെന്നും പ്രക്ഷോഭത്തിൽ പങ്കെടുത്ത പിണറായി വിജയൻ ഉൾപ്പെടെയുള്ള മുൻമുഖ്യമന്ത്രിമാർക്ക് നന്ദി അറിയിക്കുന്നുവെന്നും സിജെപി നേതാക്കൾ പറഞ്ഞു.









0 comments