ഇടതുപക്ഷത്തെ അടിച്ചൊതുക്കി പ്രക്ഷോഭം കെടുത്താൻ കേന്ദ്ര നീക്കം; നേതാക്കളെ ലക്ഷ്യമിട്ട് ക്രൂര മര്‍ദനം


ഹർഷിദ ബത്താലി
Published on Oct 11, 2026, 03:15 PM | 3 min read
ന്യൂഡൽഹി: ജനങ്ങളുടെ മൗലികാവകാശങ്ങൾ കവരുന്ന ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത ഇടതുപക്ഷ പ്രസ്ഥാനങ്ങളെ കേന്ദ്രസേനയെ ഇറക്കി അതിക്രൂരമായി അടിച്ചമർത്തുന്നു. ഡൽഹി പ്രക്ഷോഭത്തിന് ആവേശം പകരുന്ന ഇടതുപക്ഷ നേതാക്കളെയും പ്രവർത്തകരെയും കൃത്യമായി ലക്ഷ്യമിട്ട് നീചമായ ആക്രമണം അഴിച്ചുവിടുന്നതാണ് ഞായറാഴ്ച കണ്ടത്. പ്രതിഷേധക്കാരെ വലിച്ചിഴച്ചും അതിക്രൂരമായി മർദിച്ചും സ്ത്രീകളെ കൈയേറ്റം ചെയ്തും സമരം തകർക്കാനാണ് മോദി–അമിത് ഷാ കൂട്ടുകെട്ടിന്റെ നീക്കം. രാജ്യം കണ്ട ഏറ്റവും ക്രൂരമായ ഭരണകൂട ഭീകരതയ്ക്കാണ് ഡൽഹി തെരുവുകൾ സാക്ഷ്യം വഹിക്കുന്നത്.
ഇടതുപക്ഷത്തെ അടിച്ചൊതുക്കിയാൽ പ്രക്ഷോഭം കെടുത്താമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സർക്കാർ ഞായറാഴ്ച നീങ്ങിയത്. അഴിഞ്ഞാടാൻ സേനയ്ക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു. സിപിഐഎം, സിപിഐ, ഡിവൈഎഫ്ഐ, എസ്എഫ്ഐ, എഐഎസ്എഫ്, എഐവൈഎഫ്, ഐസ നേതാക്കളെയാണ് തെരഞ്ഞുപിടിച്ച് ആക്രമിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് ജോൺ ബ്രിട്ടാസ് എംപിയെ സേന ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. നൂറോളം പേർ വളഞ്ഞിട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വണ്ടിയിൽ കയറ്റിയും അതിക്രൂരമായി മർദിച്ചു. അവശനായി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായപ്പോൾ റോഡിൽ ഉപേക്ഷിച്ചു. വാഹനത്തിൽവെച്ച് മുഖം പൊത്തിപ്പിടിച്ച് ക്രൂരമായി മർദിച്ചുവെന്ന് ബ്രിട്ടാസ് പറഞ്ഞു.
ഡിവൈഎഫ്ഐ നേതാവ് ജയ്ക് സി തോമസിനെ റോഡിലൂടെ ദീർഘദൂരം വലിച്ചിഴച്ചു. വസ്ത്രം വലിച്ചുകീറി ക്രൂരമർദനം തുടർന്നു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി ഉൾപ്പെടെയുള്ള വിദ്യാർഥി നേതാക്കളെയും റോഡിലൂടെ ക്രൂരമായി വലിച്ചിഴച്ചാണ് ഇടിവണ്ടിയിലേക്ക് എത്തിച്ചത്. മുതിർന്ന സിപിഐ നേതാവ് ആനി രാജയെയും പൊലീസ് സമാനമായ രീതിയിൽ വലിച്ചിഴച്ചു. ഇടിവണ്ടിയിലിട്ടും റോഡിലിട്ടും നേതാക്കളെ ക്രൂരമായി മർദിച്ചു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു. പലരും അബോധാവസ്ഥയിലായി.
സമരത്തിന് പിന്തുണയുമായെത്തിയ യൂട്യൂബറും സാമൂഹിക നിരീക്ഷകനുമായ ധ്രുവ് റാഠിയെയും കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തെയും അജ്ഞാതകേന്ദ്രത്തിലെത്തി മർദിച്ചു. കൊണാട്ട് പ്ലേസിലും ജന്തർ മന്തറിലും സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങളെയും വിദ്യാർഥികളെയും കഴുത്തിന് പിടിച്ച് തള്ളുകയും വനിതാ പ്രവർത്തകരുടെ വസ്ത്രങ്ങൾ വലിച്ചുകീറി അപമാനിക്കുകയും ചെയ്തു.
സമരവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽനിന്ന് പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും പിടിച്ചുകൊണ്ടുപോയി. ഇന്നും നിരവധി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന മാധ്യമപ്രവർത്തകരെപ്പോലും വെറുതെവിടുന്നില്ല. എല്ലാ അര്‍ത്ഥത്തിലും സമരത്തെ അടിച്ചമര്‍ത്തുകയാണ് ലക്ഷ്യം.
അതേസമയം, സംഘപരിവാർ പ്രവർത്തകർക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുകയാണ് ഡൽഹിയിൽ. പെൺകുട്ടികളുടെ വസ്ത്രങ്ങൾ വലിച്ചുകീറിയും ആയുധങ്ങളുപയോഗിച്ച് ആക്രമിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇവർ. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ പൊലീസ് അതിക്രമം അഴിച്ചുവിടുമ്പോൾ, സംഘപരിവാർ പ്രവർത്തകരുടെ ഇത്തരം അക്രമങ്ങൾക്ക് പൊലീസ് പിന്തുണയോടെ വഴിയൊരുക്കുന്നുവെന്നതാണ് ഡൽഹിയിൽ പുറത്തുവരുന്ന ചിത്രം.
വോട്ടുവെട്ടിപ്പിനെതിരെ ഇന്നലെ പൊലീസും സേനയും ഇടതുപക്ഷ നേതാക്കളെ വേട്ടയാടിയതിന്റെ തുടർക്കഥയാണിത്. കഴിഞ്ഞ ദിവസം കേരള ഹൗസിൽനിന്ന് ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എ വിജയരാഘവൻ, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്, കെ കെ ശൈലജ, പി കെ ശ്രീമതി, പി രാജീവ്, കെ എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയവരെ പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തിരുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ നേതാക്കളെ തെരുവിൽ തടഞ്ഞ് വാഹനങ്ങളിലേക്ക് മാറ്റുകയായിരുന്നു.
എം എ ബേബിയെയും കെ കെ ശൈലജയെയും പി കെ ശ്രീമതിയെയും പൊലീസ് വലിച്ചിഴച്ചാണ് വാഹനത്തിലേക്ക് കയറ്റിയത്. പിടിവലിക്കിടെ ശ്രീമതി നിലത്തുവീണു. അവിടെനിന്ന് വലിച്ചെടുത്താണ് വാഹനത്തിലേക്ക് മാറ്റിയത്. നേതാക്കളെ കൊണ്ടുപോയത് നിവർന്നുനിൽക്കാൻ പോലും കഴിയാത്തവിധം ജയിലറകൾക്ക് സമാനമായ വാഹനത്തിലായിരുന്നു. മുതിർന്ന നേതാക്കളോടുപോലും പൊലീസ് സ്വീകരിച്ച ഈ സമീപനം പ്രതിഷേധത്തിനിടയാക്കി.
കോടിക്കണക്കിന് മനുഷ്യരുടെ വോട്ടവകാശം ചോദ്യം ചെയ്യപ്പെടുമ്പോൾ അടിയറവ് പറയാൻ തയ്യാറാകാത്ത ഒരേയൊരു രാഷ്ട്രീയ ശക്തി ഇടതുപക്ഷമാണെന്നത് സംഘപരിവാറിനെ ഭയപ്പെടുത്തുകയാണ്. ഡൽഹിയിലേക്കുള്ള വഴികൾ തടഞ്ഞും നഗരം സ്തംഭിപ്പിച്ചും ആദ്യംതൊട്ടേ സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, പൊലീസിന്റെയും കേന്ദ്രസേനയുടെയും പടയൊരുക്കങ്ങളെയും ഭീകരാന്തരീക്ഷത്തെയും വകവെയ്ക്കാതെ, എല്ലാ തടസ്സങ്ങളെയും ഭേദിച്ച് പ്രക്ഷോഭകർ ഡൽഹി തെരുവുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു.
സമരത്തിന് ദിനംപ്രതി വർധിച്ചുവരുന്ന ജനകീയ പിന്തുണയും യുവജനങ്ങളുടെയും വിദ്യാർഥികളുടെയും വലിയ തോതിലുള്ള പങ്കാളിത്തവുമാണ് ഭരണകൂടത്തെ കൂടുതൽ പരിഭ്രാന്തരാക്കിയത്. ഇതുതന്നെയാണ് മോദി സർക്കാരും ഡൽഹി പൊലീസും ഇത്രയും ഭീകരവും നീചവുമായ ആക്രമണങ്ങളിലേക്ക് തിരിഞ്ഞതിന്റെ കാരണവും.
സുപ്രീംകോടതി ഉത്തരവും വെല്ലുവിളിച്ചാണ് കേന്ദ്രസേനയുടെ അഴിഞ്ഞാട്ടം. സാധാരണക്കാരുടെ യാത്രാസ്വാതന്ത്ര്യം തടയരുത്, സുപ്രീംകോടതി പരിസരത്തെ നിയന്ത്രണങ്ങൾ പിൻവലിക്കണം, ആവശ്യമില്ലാത്ത ബാരിക്കേഡുകൾ ഉടൻ നീക്കം ചെയ്യണം എന്ന് സുപ്രീംകോടതി കർശന നിർദേശം നൽകിയിട്ടും അത് മാനിക്കാൻ കേന്ദ്രസേന തയ്യാറായിട്ടില്ല.








0 comments