വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം; ഗവർണർക്കെതിരെ സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാൻ ഗവർണർക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി.
കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ ഹാജരാക്കിയില്ലെന്ന കാരണത്താൽ വിജയ്‌യെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാത്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നടപടിയെ ഹർജിയിൽ ചോദ്യം ചെയ്യുന്നു.
നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ സർക്കാരുണ്ടാക്കാൻ ടിവികെയെയാണ് ആദ്യം ക്ഷണിക്കേണ്ടതെന്ന് ഹർജിയിൽ പറയുന്നു. ഭൂരിപക്ഷം തെളിയിക്കാൻ നിയമസഭയിൽ അവസരം നൽകുന്നതിന് പകരം രാജ്ഭവനിൽ പിന്തുണക്കത്തുകൾക്കായി കാത്തിരിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ഹർജിയിൽ ആരോപണമുണ്ട്.
സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ പ്രകാരം ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയാണ് ഗവർണറുടെ പ്രാഥമിക ചുമതലയെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ എത്തിയ ഈ ഹർജി ഏറെ നിർണ്ണായകമാണ്.
107 സീറ്റുകളുള്ള ടിവികെയെ പിന്തുണയ്ക്കുമെന്ന് ഇടതുപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പിന്തുണക്കത്തുകളുടെ സാങ്കേതികത്വം പറഞ്ഞ് ഗവർണർ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന ആക്ഷേപം ശക്തമാണ്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ടിവികെ അനുകൂലികളായ അഭിഭാഷകർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.










0 comments