കൊച്ചി മാതൃക രാജ്യമെമ്പാടും; വാരാണസിയും അയോധ്യയും ഉൾപ്പെടെ 18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ

കൊച്ചി വാട്ടർ മെട്രോ
ന്യൂഡൽഹി: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോയുടെ വൻ വിജയം മാതൃകയാക്കി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ജലഗതാഗത സംവിധാനം വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ജലസമൃദ്ധമായ നഗരങ്ങളിലെ ഉൾനാടൻ ജലപാതകളെ കാര്യക്ഷമമായ നഗര ഗതാഗത ഇടനാഴികളാക്കി മാറ്റാനും ടൂറിസം മേഖലയ്ക്ക് വലിയ ഉണർവേകാനുമാണ് ഈ നീക്കം. ഇതിനായി ഗുവാഹത്തി, ശ്രീനഗർ, പട്ന, വാരാണസി, അയോധ്യ അടക്കം രാജ്യത്തെ 18 നഗരങ്ങളിൽ വിവിധ ഘട്ടങ്ങളിലായി വാട്ടർ മെട്രോ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത-ജലപാത മന്ത്രി സർബാനന്ദ സോനോവാളിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു ദേശീയ വാട്ടർ മെട്രോ നയത്തിന്റെ കരടുരേഖ തയ്യാറാക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. നഗരങ്ങളിലെ ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഏകോപിപ്പിച്ച് കൃത്യമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട 18 നഗരങ്ങളിൽ സാധ്യതാ പഠനം നടത്താൻ ഇൻലാൻഡ് വാട്ടർവേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യ , കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് ഘട്ടങ്ങളായാണ് പുതിയ നഗരങ്ങളിൽ സർവീസുകൾ ആരംഭിക്കുക. ഒന്നാം ഘട്ടത്തിൽ ഉത്തരേന്ത്യൻ-വടക്കുകിഴക്കൻ നഗരങ്ങളായ ഗുവാഹത്തി, ശ്രീനഗർ, പട്ന, വാരാണസി, അയോധ്യ, പ്രയാഗ്‍രാജ് എന്നിവിടങ്ങളിലാണ് വാട്ടർ മെട്രോ എത്തുക. തുടർന്ന് രണ്ടാം ഘട്ടത്തിൽ അസമിലെ തേസ്പുർ, ദിബ്രുഗഡ് ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
രാജ്യത്തിന് തന്നെ മാതൃകയായ കൊച്ചി വാട്ടർ മെട്രോ 2023 ഏപ്രിൽ 26-നാണ് ആദ്യമായി സർവീസ് ആരംഭിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ 65 ലക്ഷത്തിലധികം യാത്രക്കാരാണ് കൊച്ചിയിൽ ഈ സംവിധാനം പ്രയോജനപ്പെടുത്തിയത് എന്നത് പദ്ധതിയുടെ ജനപ്രീതി തെളിയിക്കുന്നു. നിലവിൽ പ്രതിദിനം ശരാശരി 7,000 യാത്രക്കാരാണ് കൊച്ചിയിൽ വാട്ടർ മെട്രോ വഴി യാത്ര ചെയ്യുന്നത്.
അടുത്തിടെ വിനോദസഞ്ചാര കേന്ദ്രമായ മട്ടാഞ്ചേരി റൂട്ടിലേക്ക് കൂടി സർവീസ് വ്യാപിപ്പിച്ചതോടെ കൊച്ചി വാട്ടർ മെട്രോയുടെ പ്രതിദിന വരുമാനം 2.5 ലക്ഷം രൂപ കവിഞ്ഞിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ റൂട്ടുകളിലേക്ക് കൂടി ബോട്ട് സർവീസുകൾ ആരംഭിച്ച് പ്രതിദിന യാത്രക്കാരുടെ എണ്ണം 8,000 ആയി ഉയർത്താനാണ് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ഈ വൻ വിജയമാണ് ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിലേക്കും പദ്ധതി വേഗത്തിൽ എത്തിക്കാൻ കേന്ദ്രത്തിന് പ്രചോദനമായത്.










0 comments