ഇന്ത്യ-യുഎസ് വ്യാപാരക്കരാർ: രാജ്യം അടിയറവ് വെക്കുന്നുവെന്ന് പ്രതിപക്ഷം; ലോക്സഭയിൽ ന്യായീകരണവുമായി പിയൂഷ് ഗോയൽ

ന്യൂഡൽഹി: അമേരിക്കയുമായി മോദി സർക്കാർ ഒപ്പിട്ട വിവാദ വ്യാപാരക്കരാറിനെച്ചൊല്ലി പാർലമെന്റിൽ കടുത്ത പ്രതിഷേധം. ഇന്ത്യയുടെ സാമ്പത്തിക പരമാധികാരവും കർഷക താത്പര്യങ്ങളും യുഎസിന് അടിയറവ് വെക്കുന്നതാണ് കരാറെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക്സഭയിൽ പ്രതിഷേധിച്ചു.
'മോദി കീഴടങ്ങി' എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ കരാറിനെ ന്യായീകരിച്ച് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ സംസാരിച്ചു.
'വികസിത് ഭാരത് 2047' എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് കരാറെന്നായിരുന്നു ഗോയലിന്റെ അവകാശവാദം. കരാർ ഇന്ത്യൻ കർഷകർക്ക് ഗുണകരമാണെന്നും അമേരിക്കൻ ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം കാർഷിക-ക്ഷീര മേഖലകളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ മന്ത്രി തയ്യാറായില്ല. കുറഞ്ഞ വിലയ്ക്ക് എണ്ണ നൽകിയിരുന്ന റഷ്യയെ അവഗണിച്ച് അമേരിക്കയിൽ നിന്ന് ഉയർന്ന വിലയ്ക്ക് എണ്ണ വാങ്ങാൻ കരാർ ഇന്ത്യയെ നിർബന്ധിക്കുന്നുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് ഒഴുകുന്നതോടെ പ്രാദേശിക കർഷകർ പ്രതിസന്ധിയിലാകുമെന്നും ഇത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു.
രാജ്യത്തിന്റെ ഊർജ്ജ-കാർഷിക മേഖലകളെ അമേരിക്കയുടെ കാൽക്കീഴിൽ വെക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് ഇടതുപക്ഷ പാർട്ടികളും കോൺഗ്രസും വ്യക്തമാക്കി.










0 comments