ഗോയലിനെതിരെ അവകാശലംഘന നോട്ടീസ്
print edition ഗോയൽ പറഞ്ഞ ഉൽപ്പന്നങ്ങൾക്ക് നവംബര്‍ മുതലേ തീരുവയില്ല

ന്യൂഡൽഹി
യുഎസുമായുള്ള വ്യാപാര കരാർ പ്രകാരം തീരുവ പൂർണമായും ഒഴിവായി കിട്ടിയെന്ന് വാണിജ്യ മന്ത്രി പീയുഷ് യോഗൽ അവകാശപ്പെട്ട ഭൂരിഭാഗം ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ കഴിഞ്ഞ നവംബറിൽ തന്നെ അമേരിക്ക ഒഴിവാക്കിയിരുന്നു. വിവിധ രാജ്യങ്ങളുമായുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവയുദ്ധത്തെ തുടർന്ന് അമേരിക്കയുടെ ആഭ്യന്തര വിപണിയിൽ വില കുതിച്ചുകയറിയ ഉൽപ്പന്നങ്ങളുടെ തീരുവയാണ് കഴിഞ്ഞ നവംബറിൽ ഒഴിവാക്കിയത്. അമേരിക്കയിൽ കാര്യമായി ഉൽപ്പാദിപ്പിക്കാത്തതോ, കാലാവസ്ഥകാരണങ്ങളാൽ ഉൽപ്പാദനം സാധ്യമല്ലാത്തതോ ആയ ഉൽപ്പന്നങ്ങളുടെ തീരുവയാണ് ഒഴിവാക്കപ്പെട്ടത്.
2025 നവംബർ 13ന് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം ഇരുന്നൂറിലേറെ ഉൽപ്പന്നങ്ങളുടെ തീരുവ അമേരിക്ക ഒഴിവാക്കിയിരുന്നു. ഇന്ത്യാ– യുഎസ് വ്യാപാര കരാറിനെ തുടർന്ന് തീരുവ ഒഴിവാക്കപ്പെട്ടതെന്ന മന്ത്രി ഗോയൽ അവകാശപ്പെട്ട കാപ്പി, തേയില, കുരുമുളക്, ഏലം, കറുവപ്പട്ട, ഗ്രാമ്പു തുടങ്ങിയ സുഗന്ധവ്യഞ്‌ജനങ്ങൾ, നാളികേരം, വെളിച്ചെണ്ണ, റബർ, കൊക്കോ, കശുവണ്ടി, അടയ്‌ക്ക, വാഴപ്പഴം തുടങ്ങിയ ഉൽപ്പന്നങ്ങൾ കഴിഞ്ഞ നവംബറിലെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ കപ്പ, പപ്പായ, പൈനാപ്പിൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ തീരുവയും നവംബറിൽ ഒഴിവാക്കി. ഇൗ ഉൽപ്പന്നങ്ങളെല്ലാം നിലവിൽ തീരുവയില്ലാതെയാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. എന്നാൽ ഇൗ ഉൽപ്പന്നങ്ങളുടെ തീരുവ ഒഴിവാക്കപ്പെട്ടതും കരാറിന്റെ നേട്ടമായി ചിത്രീകരിക്കുകയാണ് കേന്ദ്രമന്ത്രി
ഗോയലിനെതിരെ അവകാശലംഘന നോട്ടീസ്
ഇന്ത്യ– യുഎസ് വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പാർലമെന്റിനെ അറിയിക്കാതെ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വാണിജ്യമന്ത്രി പീയുഷ് ഗോയലിനെതിരായി ഡിഎംകെ എംപി തിരുച്ചി ശിവ അവകാശലംഘന നോട്ടീസ് നൽകി. തിങ്കളാഴ്‌ച രാജ്യസഭ ചേർന്നയുടൻ ശിവ വിഷയം ഉന്നയിച്ചു. പാർലമെന്റ് സമ്മേളനം ചേർന്നുകൊണ്ടിരിക്കെ സർക്കാരിന്റെ നയതീരുമാനങ്ങൾ സഭയിൽ പറയാതെ പുറത്ത് മാധ്യമങ്ങളോട് പറയുന്നത് അവകാശലംഘനമാണ്. – ശിവ പറഞ്ഞു. മറ്റ് പ്രതിപക്ഷാംഗങ്ങളും പിന്തുണച്ചു. നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് വരികയാണെന്നും രാജ്യസഭാധ്യക്ഷൻ സി പി രാധാകൃഷ്‌ണൻ പറഞ്ഞു.










0 comments