print edition മണ്ഡല പുനർനിർണയം തെരഞ്ഞെടുപ്പ് ഭൂപടം മാറ്റാൻ: സിപിഐ എം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മണ്ഡല പുനർനിർണയത്തിന്റെ മറവിൽ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം മാറ്റിമറിക്കാനായിരുന്നു കേന്ദ്രസർക്കാർ ശ്രമമെന്ന് സിപിഐ എം പിബി വിലയിരുത്തി. മണ്ഡല പുനഃനിർണയവുമായി വനിതാ സംവരണത്തെക്കൂടി ബന്ധിപ്പിച്ച് ബില്ലുകൾ പാസാക്കാനായിരുന്നു ശ്രമം.
മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായ ഭരണഘടനാ ഭേദഗതിയെ പ്രതിപക്ഷം കൂട്ടായി പരാജയപ്പെടുത്തി. പ്രതിപക്ഷത്തെയാകെ സ്‌ത്രീവിരുദ്ധമായി ചിത്രീകരിക്കാനുള്ള ബിജെപി ശ്രമം പരാജയപ്പെട്ടു. എങ്കിലും ഭീഷണി തുടരുന്നുണ്ട്. ബിജെപിക്ക് തെരഞ്ഞെടുപ്പ് നേട്ടത്തിനായാണ് നീക്കം.
സീറ്റുകൾ കുറച്ച് തെക്കൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയ്‌ക്കുകയാണ് ലക്ഷ്യം. അടുത്ത തെരഞ്ഞെടുപ്പ് മുതൽ വനിതാസംവരണം നടപ്പാക്കണം. വനിതാ സംവരണത്തെ മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കേണ്ടതില്ല– പിബി ആവശ്യപ്പെട്ടു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ തുടക്കമിട്ട എസ്‌ഐആർ പ്രക്രിയ ബംഗാൾ തെരഞ്ഞെടുപ്പ് ഫലത്തിൽ വലിയതോതിൽ പ്രതിഫലിച്ചു. ഒരു രാഷ്ട്രീയ പാർടിയുടെ നേട്ടത്തിനായി വോട്ടർപ്പട്ടികയിൽ തിരിമറി വരുത്തുന്നത് ചരിത്രത്തിൽ ആദ്യമാണ്. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയാണ് ഇടിയുന്നത്.
തെരഞ്ഞെടുപ്പ് നിരീക്ഷകനായ ഉദ്യോഗസ്ഥനെ പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉപദേഷ്ടാവായി നിയമിച്ചതിൽ നിന്നുതന്നെ കള്ളക്കളി വ്യക്തമാണ്. എസ്‌ഐആർ പ്രക്രിയയോട് സുപ്രീംകോടതി സ്വീകരിച്ച സമീപനം അങ്ങേയറ്റം നിരാശാജനകമാണ്– പിബി അറിയിച്ചു.
ക്യൂബയ്‌ക്ക് ഐക്യദാർഢ്യം
യുഎസ് ഭീഷണിയെ നേരിടുന്ന ക്യൂബയ്‌ക്ക് ശക്തമായ ഐക്യദാർഢ്യവുമായി സിപിഐ എം പിബി. ക്യൂബയെ ഏറ്റെടുക്കുമെന്ന ഭീഷണി അമേരിക്ക ആവർത്തിക്കുകയാണ്. ഉപരോധവും ശക്തിപ്പെടുത്തി. യുഎസ് ഭീഷണിയെ അപലപിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം. ക്യൂബയ്‌ക്ക് ഐക്യദാർ-ഢ്യമേകുന്ന നിലപാട് സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം– പിബി അറിയിച്ചു.









0 comments