വിമാനാപകടം പൈലറ്റുമാർ കാരണമെന്ന് റിപ്പോർട്ട്; അന്താരാഷ്‌ട്ര മാധ്യമങ്ങൾക്ക് വക്കീൽ നോട്ടീസ് അയച്ചു

ന്യൂഡൽഹി: അന്താരാഷ്‌ട്ര മാധ്യമമായ ദ വാൾസ്‌ട്രീറ്റ് ജേർണലിനും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനും വക്കീൽ നോട്ടീസയച്ച് ദ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സ് (എഫ്‌ഐപി). അഹമ്മദാബാദ് വിമാനദുരന്തത്തെ കുറിച്ച് അടിസ്ഥാന രഹിതവും അപകീർത്തികരമായതുമായ വാർത്തകൾ നൽകിയതിനാലാണ് എഫ്‌ഐപിയുടെ നടപടി.
ടേക്ക് ഓഫിന് ശേഷം ഫ്യുവൽ സ്വിച്ചുകൾ ഓഫ് ചെയ്തതാണ് അപകടത്തിന്റെ കാരണമെന്ന് എയർക്രാഫ്‌റ്റ് ആക്‌സിഡന്റ് ഇൻഫർമേഷൻ ബ്യൂറോ (എഎഐബി) നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കോക്ക്‌പിറ്റ് ശബ്‌ദരേഖപ്രകാരം പൈലറ്റുമാരിൽ ഒരാൾ സ്വിച്ചുകൾ ഓഫ് ചെയ്തതിനെ കുറിച്ച് ചോദിച്ചെന്നും രണ്ടാമത്തെയാൾ ഞാൻ സ്വിച്ച് ഓഫ് ചെയ്തിട്ടില്ലായെന്ന് പറയുകയും ചെയ്തെന്ന് എഐബിബി റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഇത് തള്ളിക്കൊണ്ടുള്ള വാർത്തയാണ് ദ വാൾസ്ട്രീറ്റ് ജേർണലും തുടർന്ന് റോയിട്ടേഴ്‌സും പുറത്തുവിട്ടത്.
കോക്ക്‌പിറ്റ് ശബ്‌ദരേഖപ്രകാരം ക്യാപ്‌റ്റൻ സുമിത് സബർവാൾ ഫ്യൂവൽ സ്വിച്ച് ഓഫ് ചെയ്തതാണ് എൻജിൻ ഓഫാകാൻ കാരണമെന്നായിരുന്നു അമേരിക്കൻ മാധ്യമം വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്. ക്യാപ്‌റ്റൻ മുമ്പ് വിഷാദരോഗംപോലുള്ള മാനസികാവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇതേ വിവരങ്ങൾ തന്നെയാണ് റോയിട്ടേഴ്‌സും നൽകിയത്.
ഇരുമാധ്യമങ്ങളിൽ നിന്നും മാപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള വക്കീൽ നോട്ടീസാണ് എഫ്‌ഐപി അയച്ചിരിക്കുന്നത്. ‘അന്വേഷണ റിപ്പോർട്ടിൽ പൈലറ്റുമാർ കാരണമാണ് സ്വിച്ച് ഓഫായത് എന്ന് പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ റിപ്പോർട്ട് കൃത്യമായി വായിച്ചിട്ടില്ല, ഞങ്ങൾ നടപടികളുമായി മുന്നോട്ട് പോകും’– സംഘടനയുടെ പ്രസിഡന്റ് ക്യാപ്‌റ്റൻ സി എസ് രൺധാവ പറഞ്ഞു.








0 comments