പിക്ക് അപ്പ് ഡ്രൈവറുടെ അപകടമരണം; മേഘാലയയിൽ ആൾക്കൂട്ട ആക്രമണം; സിമന്റ് കമ്പനിയുടെ 15 ട്രക്കുകൾ കത്തിച്ചു

ഷില്ലോങ്: മേഘാലയയിൽ ട്രക്കിടിച്ച് 20കാരൻ മരിച്ചതിന് പിന്നാലെ അക്രമാസക്തമായ ജനക്കൂട്ടം സിമന്റ് കമ്പനിയുടെ 15 ട്രക്കുകൾ കത്തിച്ചു. ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ ലുംഷ്‌നോങ് പ്രദേശത്താണ് യുവാവിനെ സിമന്റ് ട്രക്ക് ഇടിച്ചത്. ഇതിന് പിന്നാലെ പ്രകോപിതരായ ജനക്കൂട്ടം സ്റ്റാർ സിമന്റിന്റെ പതിനഞ്ച് ട്രക്കുകൾ കത്തിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
വഹിയാജറിന് സമീപം എൻഎച്ച് -06 ൽ ഒരു പ്രദേശവാസി ഓടിച്ചിരുന്ന സ്റ്റാർ സിമന്റിന്റെ ട്രക്ക് ഒരു പിക്ക്-അപ്പ് വാനുമായി കൂട്ടിയിടിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് പിക്ക്-അപ്പ് വാഹനത്തിന്റെ ഡ്രൈവറും ട്രക്ക് ഡ്രൈവറുമായി വാക്കുതർക്കമുണ്ടായി. പിക്ക്-അപ്പ് വാഹനത്തിന്റെ ഡ്രൈവർ ട്രക്കിൽ കയറി ഡ്രൈവറെ ശാരീരികമായി ആക്രമിക്കാൻ ശ്രമിക്കവേ രക്ഷപ്പെടാൻ ട്രക്ക് ഡ്രൈവർ വാഹനം മുന്നോട്ടെടുത്തു. ഡ്രൈവർ വേഗത കൂട്ടിയതോടെ 20കാരൻ ട്രക്കിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ട്രക്കിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
പ്രദേശവാസികൾ ഡ്രൈവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഒരുകൂട്ടം നാട്ടുകാർ സിമന്റ് കമ്പനി പരിസരത്തേക്ക് ഇരച്ചുകയറി. കമ്പനിയുടെ സിസിടിവി സംവിധാനങ്ങൾ നശിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. 20കാരന്റെ മൃതദേഹം റോഡിൽ നിന്നും നീക്കുന്നത് നാട്ടുകാർ തടഞ്ഞു. തുടർന്ന് പൊലീസ് മൃതദേഹം ഖ്ലൈഹ്രിയത്ത് സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സിമന്റ് ഫാക്ടറി കോമ്പൗണ്ടിനകത്തും പുറത്തും നിർത്തിയിട്ടിരുന്ന 15 ട്രക്കുകൾക്ക് ജനക്കൂട്ടം തീയിട്ടു. അഗ്നിശമന സേനാംഗങ്ങളെ നാട്ടുകാർ തടയുകയും അവരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസിനു നേരെയും ആക്രമണം ഉണ്ടായി. കൂടുതൽ പൊലീസ് സേന സ്ഥലത്തെത്തി രാത്രി വൈകി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തീ അണയ്ക്കുകയും ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തു. പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുണ്ടായതിന്റെ കണക്കുകൾ വിലയിരുത്തിവരികയാണ്.










0 comments