Deshabhimani

എസ്ഐആർ നിയമവിരുദ്ധം, ​ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രതിഷേധം ശക്തമാക്കാൻ പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ

SIR
വെബ് ഡെസ്ക്

Published on Oct 28, 2026, 07:29 PM | 1 min read

ന്യൂഡൽഹി : എസ്ഐആർ നടപടികളിൽ തെരഞ്ഞെടുപ്പ് കമീഷൻ നിയമപരമായ അധികാരപരിധി ലംഘിച്ചെന്ന് പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി നിയമനടപടി സ്വീകരിക്കണമെന്നും എസ്ഐആർ റദ്ദാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.


ജനപ്രാതിനിധ്യ നിയമം, 1950, വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങൾ, 1960 എന്നിവ പ്രകാരം വോട്ടർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചട്ടങ്ങൾ രൂപീകരിക്കാനും ഭേദഗതി ചെയ്യാനുമുള്ള അധികാരം കേന്ദ്ര സർക്കാരിനാണ് നൽകിയിട്ടുള്ളതെന്ന് പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ ചൂണ്ടിക്കാട്ടി. നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത അധിക നിബന്ധനകൾ ഭരണപരമായ നിർദേശങ്ങളിലൂടെ ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്നും സംഘടന വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ സുപ്രീംകോടതി ജഡ്ജിയെ നീക്കുന്നതിന് സമാനമായ കർശന നടപടിക്രമത്തിലൂടെയേ നീക്കാനാകൂ എന്ന വാദം ഉന്നയിച്ച് കമീഷന്റെ നടപടികളെ ന്യായീകരിക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കി.


എസ്ഐആറും വോട്ടർ രജിസ്ട്രേഷൻ ഫോമുകളിൽ വരുത്തിയ മാറ്റങ്ങളും ഭരണകക്ഷിയായ ബിജെപിക്ക് അധികാരത്തിൽ തുടരാൻ സഹായകമാകുന്ന രീതിയിലാണെന്ന് സംഘടന ആരോപിച്ചു. സുതാര്യതയില്ലാതെ 13 കോടിയിലധികം വോട്ടർമാരെ വോട്ടർ പട്ടികയിൽനിന്ന് നീക്കിയിട്ടുണ്ട്. ഇതിന് തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.


മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി നിയമനടപടി സ്വീകരിക്കുക, എസ്ഐആർ റദ്ദാക്കുക, എല്ലാ പൗരന്മാരുടെയും വോട്ടവകാശം പുനഃസ്ഥാപിക്കുക, പേപ്പർ ബാലറ്റ് സംവിധാനം തിരിച്ചു കൊണ്ടുവരിക എന്നിവയാണ് സംഘടനയുടെ പ്രധാന ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ വിവിധ സംഘടനകളെ ഏകോപിപ്പിച്ച് പ്രക്ഷോഭം ശക്തമാക്കുമെന്നും പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ അറിയിച്ചു. സംഘടനയുടെ ഓൾ ഇന്ത്യ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ മീഡിയ വിങ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home