വോട്ട് തട്ടിപ്പ്: ഡൽഹിയിൽ നവംബർ 1ന് ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച റാലിക്ക് പിന്തുണയുമായി സിജെപി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യ’ കൂട്ടായ്മ നവംബർ 1ന് ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയാണ് എക്സിലൂടെ പിന്തുണ നൽകുന്ന കാര്യം അറിയിച്ചത്. 'ഗ്യാന്യു പുറത്തു പോകണം! രാജ്യമാണ് എല്ലാറ്റിനും മുകളിൽ' എന്നീ വാക്കുകളോടെയാണ് അദ്ദേഹം പ്രസ്താവന പങ്കുവെച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ വോട്ടർമാർ ഇനിയും നീക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും സിജെപി ചൂണ്ടിക്കാട്ടി. ജനങ്ങളാണ് സർക്കാരിനെ തെരഞ്ഞെടുക്കേണ്ടത്, അല്ലാതെ സർക്കാരല്ല വോട്ടർമാരെ തെരഞ്ഞെടുക്കേണ്ടതെന്ന് പ്രസ്താവനയിൽ പറയുന്നു.
സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ ഗ്യാനേഷ് കുമാറിനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യത തിരികെ കൊണ്ടുവരാൻ ഗ്യാനേഷ് കുമാറിന്റെ രാജി അത്യാവശ്യമാണ്. ബി ആർ അംബേദ്കറും ജവഹർലാൽ നെഹ്‌റുവും ഉൾപ്പെടെയുള്ള ഭരണഘടനാ ശില്പികൾ, ഓരോ മുതിർന്ന പൗരനും തുല്യ വോട്ടവകാശമാണ് നൽകിയിട്ടുള്ളത്. ഈ അവകാശം സംരക്ഷിക്കുക എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ജനങ്ങളുടെ വോട്ടവകാശത്തിനും സ്വതന്ത്ര തെരഞ്ഞെടുപ്പിനുമായി പോരാടുന്ന എല്ലാ പ്രസ്ഥാനങ്ങൾക്കും സിജെപി പിന്തുണ പ്രഖ്യാപിച്ചു.
വോട്ടർ പട്ടിക പുതുക്കുന്നതിലെ ക്രമക്കേടുകൾക്കെതിരെയും ഗ്യാനേഷ് കുമാറിന്റെ രാജിക്കായുമായി നവംബർ 1ന് ഡൽഹിയിലെ രാംലീല മൈതാനിയിലാണ് ഇന്ത്യ കൂട്ടായ്മ റാലി സംഘടിപ്പിക്കുന്നത്.








0 comments